‘ഞങ്ങളിപ്പോള്‍ സ്വതന്ത്രരായി. രാവിലെ മുതല്‍ എല്ലാവരും സന്തോഷത്താല്‍ കരയുകയാണ്. യുക്രൈന്‍ സേനയുടെ തിരിച്ചുവരവ് എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുയാണ്.
കീവ്: ഖേര്‍സണ്‍ നഗരത്തില്‍ നിന്നുള്ള റഷ്യന്‍ പിന്മാറ്റം ആഘോഷമാക്കി യുക്രൈന്‍. പതാകവീശിയും ദേശീയഗാനം പാടിയും യുക്രൈന്‍ സൈന്യത്തെ നഗരവാസികള്‍ എതിരേറ്റു. നഗരം തങ്ങളുടേതായെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. പാട്ടും നൃത്തവുമായി ഖേര്‍സണിലെ യുക്രൈന്‍ പൗരന്മാര്‍ റഷ്യന്‍ പിന്മാറ്റം ആഘോഷമാക്കി.’ഞങ്ങളിപ്പോള്‍ സ്വതന്ത്രരായി. രാവിലെ മുതല്‍ എല്ലാവരും സന്തോഷത്താല്‍ കരയുകയാണ്. യുക്രൈന്‍ സേനയുടെ തിരിച്ചുവരവ് എല്ലാവരും സ്വീകരിച്ചിരിക്കുയാണ്.’- നഗരവാസികളില്‍ ഒരാള്‍ ബി.ബി.സിയോട് പറഞ്ഞു. യുക്രൈന്‍ സേനയെ പ്രകീര്‍ത്തിച്ച് നഗരവാസികള്‍ രംഗത്തെത്തി. ഇന്ന് രാത്രി ആരും ഉറങ്ങുന്നില്ലെന്ന് പലരും പ്രഖ്യാപിച്ചു.
അതേസമയം, റഷ്യന്‍ സൈന്യം നഗരത്തില്‍ വേഷംമാറി നടക്കുന്നതായി യുക്രൈന്‍ സംശയിക്കുന്നുണ്ട്. ഇക്കാര്യം പ്രതിരോധമന്ത്രാലയം പരസ്യമായി പ്രകടിപ്പിച്ചു. വേഷം മാറി യുക്രൈന്‍ പൗരന്മാരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റഷ്യന്‍ സൈനികര്‍ നഗരത്തില്‍ തുടരുന്നതെന്ന് പ്രതിരോധമന്ത്രിയുടെ ഉപദേശകന്‍ യുറിയ് സാക് പറഞ്ഞു. പ്രത്യേക സേന നിലവില്‍ തന്നെ ഖേര്‍സണിലുണ്ടെന്നും ഇനിയും അവിടേക്ക് സൈന്യത്തെ അയക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് അറിയിച്ചു. സൈനിക സഹായം വാഗ്ദാനം ചെയ്തതിന് പ്രസിഡന്റ് ജോ ബൈഡനോട് അദ്ദേഹം നന്ദി പറഞ്ഞു. 400 കോടി യു.എസ്. ഡോളറിന്റെ ആയുധസഹായം അമേരിക്ക യുക്രൈന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
30,000 സൈനിക ഉദ്യോഗസ്ഥരെ ഖേര്‍സണില്‍ നിന്നും പിന്‍വലിച്ചതായി റഷ്യ അറിയിച്ചിരുന്നു. 5,000ത്തിലേറെ മിലിട്ടറി ആയുധങ്ങള്‍ ഇവിടെനിന്നും നീക്കിയതായും വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, പരാജയപ്പെട്ട് അപമാനിതരായാണ് തങ്ങള്‍ പിന്മാറിയതെന്ന് ചിത്രീകരിക്കാനുള്ള ശ്രമം തെറ്റാണെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. തെക്ക്- കിഴക്കന്‍ യുക്രൈനിലെ വിവിധ ഇടങ്ങളില്‍ ഹിതപരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ഖേര്‍സണ്‍ അടക്കം നാലു നഗരങ്ങള്‍ തങ്ങളുടേതായി റഷ്യ പരിഗണിച്ചിരുന്നു. നഗരത്തിലേക്കുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റഷ്യ പിന്മാറ്റം പ്രഖ്യാപിച്ചത്.
