കൊവിഡ് 19 പ്രതിരോധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ സന്ദേശം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ സന്ദേശം

കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ മൂന്നു പേര്‍ രോഗത്തില്‍ നിന്ന് മുക്തരായിട്ടുണ്ട്. കാല്‍ ലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതോ വിദഗ്ദ്ധരുടെ കൈകളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതോ അല്ല. സാഹചര്യങ്ങള്‍ അസാധാരണമാണ്. അസാധാരണമായ പ്രതിരോധ മാര്‍ഗങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്. സമൂഹം ഒറ്റക്കെട്ടായി കൂട്ടായി നീങ്ങേണ്ടതുണ്ട്. നാം പുലര്‍ത്തുന്ന അതീവ ജാഗ്രതയുടെയും കരുതലിന്‍റെയും ഫലമായാണ് രോഗ പ്രതിരോധത്തില്‍ ഇതുവരെ നമുക്ക് നിര്‍ണ്ണായകമായ മുന്നേറ്റം സാധ്യമായത്.

ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ നമ്മെ ഈ അതിജീവന പ്രവര്‍ത്തനങ്ങളില്‍ കരുത്തരാക്കുന്നു. ഭീതിയോ സംഭ്രാന്തിയോ ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല എന്ന് പൊതുവെ പറയാം. അതിന്‍റെ അര്‍ത്ഥം ജാഗ്രതയില്‍ കുറവ് വരാന്‍ പാടില്ല എന്നാണ്. ജാഗ്രതയില്‍ ഒരു ചെറിയ പിഴവ് വന്നാല്‍ പോലും കാര്യങ്ങള്‍ വഷളാകും. നമ്മുടെ നാട്ടിലെ ജനജീവിതം സാധാരണഗതിയില്‍തന്നെ മുന്നോട്ട്നീങ്ങേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഇടപെടല്‍ നടത്താനാകുന്നതും ഉത്തരവാദിത്വം നിര്‍വഹിക്കാനാകുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ്. ആ പ്രധാന്യം മുന്നില്‍ കണ്ടാണ് ഇത്തരമൊരു ആശയ വിനിമയം വേണം എന്ന് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് നമ്മുടെ ഇടപെടല്‍. നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഇവിടെ എത്തിയിട്ടുണ്ട്.

കൊറോണ വിപത്തിനെതിരായ സമരത്തില്‍ അവിശ്രമം പങ്കെടുക്കുന്നവരാണ് കേരളത്തിലാകെ ഇത് ശ്രവിക്കുന്ന ഓരോരുത്തരും. അതിന്‍റെ പ്രയോജനം നാടാകെ അനുഭവിക്കുന്നുമുണ്ട്. അതില്‍ എല്ലാവരെയും ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു.

നാട് ഒരു വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ ഘട്ടത്തില്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും ജനപ്രതിനിധികള്‍ എന്ന നിലയിലും മനുഷ്യര്‍ എന്ന നിലയിലും നമ്മുടെ ഉത്തരവാദിത്വം. കൊവിഡ് 19 അണുബാധ പരിധിയില്ലാതെ പടരുന്ന സാഹചര്യം ലോകത്താകെയുണ്ട്. വികസിത രാജ്യങ്ങള്‍ പോലും സ്തംഭിച്ചു നില്‍ക്കുന്നു. എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. നിലവില്‍ നൂറ്റി അറുപതോളം രാജ്യങ്ങളിലാണ് ഇത് പടര്‍ന്നു പിടിച്ചത്.

നമുക്ക് നമ്മുടെ ആരോഗ്യപരിപാലന രംഗത്തെ മഹത്തായ പാരമ്പര്യമുണ്ട്. അടി തൊട്ട് മുടിയോളം കുറ്റമറ്റ നിലയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ആരോഗ്യ സംരക്ഷണ മേഖലയാണ് നമുക്കുള്ളത്. ഗ്രാമ തലം മുതല്‍ അര്‍പ്പണ മനോഭാവത്തോടെ അണിചേരുന്ന ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ഇതിനെയൊക്കെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഡിസംബര്‍ മാസത്തില്‍ കണ്ടുപിടിക്കപ്പെട്ടതാണ് കൊവിഡ് 19 ബാധ. ജനുവരിയില്‍ തന്നെ അതു സംബന്ധിച്ച് മുന്നറിയിപ്പ് നമുക്ക് ലഭിച്ചു. ഒരു ദിവസം വൈകാതെ നമ്മുടെ സംസ്ഥാനം തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഇന്ന് ഈ രോഗബാധയെ വലിയൊരളവില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, ഇത് പൂര്‍ണ്ണമല്ല. മുന്നിലുള്ള ആദ്യത്തെ കടമ ജാഗ്രത ആണെങ്കില്‍ രണ്ടാമത്തേത് ഒരു നിമിഷം പാഴാക്കാതെ, ഒരു പഴുതും അവശേഷിപ്പിക്കാതെ, ഒരു സാധ്യതയും ഒഴിവാക്കാതെയുള്ള നിരന്തരമായ ഇടപെടലാണ്.

സംസ്ഥാനത്ത് ഇന്ന് ഏതാണ്ട് ഇരുപത്തി ആറായിരത്തോളം പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. യഥാര്‍ത്ഥത്തില്‍ ഐസൊലേഷനിലല്ല കരുതലില്‍ കഴിയുകയാണ്. നമ്മുടെ സഹോദരങ്ങള്‍ രോഗം ബാധിക്കാനുള്ള സാഹചര്യത്തില്‍ പെട്ടുപോയതുകൊണ്ട് അവരെ സംരക്ഷിക്കാനും അവര്‍ക്ക് രോഗം വന്നാല്‍ അത് മറ്റുള്ളവരിലേക്ക് പടര്‍ന്നു പിടിക്കാതിരിക്കാനും ഉള്ള കരുതല്‍ നാം ഏറ്റെടുക്കുകയാണ്. അവര്‍ നിരീക്ഷണത്തിലാണ്. അവരുടെ സംരക്ഷണം നമ്മുടെ, പ്രത്യേകിച്ച് പ്രാദേശിക ഭരണ സംവിധാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറുകയാണ്. നമുക്ക് മുന്നിലുള്ള കടമ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ്.

അവര്‍ക്ക് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകാം. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ കാര്യങ്ങള്‍ക്കൊന്നും ഒരു തടസ്സം വന്നുകൂടാ. നിരീക്ഷണത്തില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ തടങ്കലില്‍ അല്ല. അങ്ങനെ അവര്‍ക്ക് തോന്നാനും പാടില്ല. അതുകൊണ്ടാണ് ക്വാറന്‍റൈന്‍ എന്ന വാക്കിനു പകരം കെയര്‍ സെന്‍റര്‍ എന്ന് ഉപയോഗിക്കാന്‍ നാം തീരുമാനിച്ചത്. ഇത് ആര്‍ക്കും വിഷമം ഉണ്ടാകാതിരിക്കാനാണ്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ ചാടി പോകുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അത് അനുവദിക്കാനാവില്ല. ഏതെങ്കിലും തരത്തില്‍ ബലംപ്രയോഗിച്ചു തടഞ്ഞുവെക്കാനല്ല പറയുന്നത്. സാമൂഹികമായ ജാഗ്രത ഉണ്ടെങ്കില്‍ മാത്രമേ അത്തരം അനുഭവങ്ങള്‍ ഒഴിവാക്കാനാവൂ. സൗകര്യങ്ങളും സ്നേഹ പരിചരണവും നല്‍കുന്നതിനൊപ്പം അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.

ഈ വൈറസിന്‍റെ ഒരു പ്രത്യേകത, ഇത് ആര്‍ക്ക് ബാധിച്ചു; ആരാണ് രോഗാണുവാഹി എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ല എന്നതാണ്. രോഗബാധയുള്ള ആളുകളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആരെയും വൈറസ് പിടികൂടാം. അതുകൊണ്ടാണ് വിവാഹം, ആരാധന, ഉത്സവങ്ങള്‍ ഇതൊക്കെ നാം നിയന്ത്രിക്കുന്നത്. ഇങ്ങനെയുള്ള നിയന്ത്രണങ്ങളില്‍ ആര്‍ക്കും പ്രത്യേകിച്ച് പ്രയാസമോ പരിഭവമോ ഇല്ല; എതിര്‍പ്പുമില്ല എന്നതാണനുഭവം. മത-സാമുദായിക നേതാക്കളോട് സംവദിച്ചപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നാട്ടില്‍ രൂപപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ താല്‍ക്കാലികമായി തടയുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന കാര്യം. സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് കോഴിക്കോട്ടെ പ്രസിദ്ധമായ പള്ളിയടക്കം ഏതാനും ആരാധനായലയങ്ങള്‍ ഇനിയൊരു അറിയിപ്പ് വരെ ജുമാ നമസ്കാരം ഉണ്ടാവില്ലെന്ന് തീരുമാനിച്ചു. ഇതൊക്കെ മാതൃകാപരമായ ഇടപെടലാണ്.

വൈറസ് വ്യാപനം പ്രതീക്ഷിക്കാത്ത തരത്തില്‍ വര്‍ധിക്കാനുള്ള സാധ്യത വലുതാണ്. പ്രത്യേകിച്ച് സാമൂഹ്യ വ്യാപനം എന്ന രണ്ടാം ഘട്ടത്തില്‍. അത് തടയാനുള്ള ഉത്തരവാദിത്വവും പ്രധാനമായി പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തന്നെയാണ്. സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനങ്ങള്‍ ഉണ്ട്. ഇതൊക്കെ പ്രായോഗിമാകുന്നു എന്ന് ഉറപ്പുവരണമെങ്കില്‍ ജനകീയമായ പരിശോധനാ സംവിധാനമുണ്ടാകണം. അതുകൊണ്ട് നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുന്ന മറ്റൊരു ഉത്തരവാദിത്വം നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കലാണ്.

നാം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ചിലര്‍ക്കെങ്കിലും അത് വലിയ പ്രയാസങ്ങള്‍ തന്നെയായി മാറുകയും ചെയ്യും. വിവാഹവും ഉത്സവവും അതുപോലുള്ള മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താന്‍ നമ്മള്‍ പൊതുവില്‍ തീരുമാനിച്ചു. അതിന്‍റെ ഫലമായി പലരും വിവാഹങ്ങള്‍ മാറ്റിവെച്ചു. പൊതുപരിപാടികള്‍ മാറ്റിവെക്കപ്പെട്ടു. ആളുകള്‍ കാലേക്കൂട്ടി കല്യാണ മണ്ഡപങ്ങളും ഹാളുകളും ബുക്ക് ചെയ്യുന്നുണ്ട്. ചടങ്ങ് മാറ്റിയാല്‍ അഡ്വാന്‍സ് തുക തിരിച്ചു നല്‍കേണ്ടതുണ്ട്. അത് നല്‍കാതിരിക്കുന്നത് നീതിയല്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അഡ്വാന്‍സ് തുക തിരിച്ചു ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക ഭരണസംവിധാനം നിര്‍വഹിക്കണം.

ഒരു അടിയന്തര ഘട്ടം വരുമ്പോള്‍ പല കാര്യങ്ങളും പതിവില്‍നിന്ന് വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും. ഉദാഹരണത്തിന് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ ആണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം ഒരു ഘട്ടം വരുമ്പോള്‍ ചിലരെങ്കിലും പൂഴ്ത്തിവെപ്പ് പോലുള്ള തെറ്റായ പ്രവണതകള്‍ കാണിക്കും. അതില്ലാതിരിക്കാനുള്ള ഇടപടല്‍ നിങ്ങള്‍ നടത്തണം. മരുന്നുകളുടെ ലഭ്യതയാണ് മറ്റൊന്ന്. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തണം. ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് സാധ്യമാകുന്നതല്ല ഇത്. തുടര്‍ച്ചയായ ഇടപെടലും പരിശോധനകളും എല്ലാ തലങ്ങളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇക്കാര്യങ്ങളില്‍ അടിസ്ഥാനപരമായി ഇടപെടാന്‍ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതിന്‍റെ സാരഥികളായ ജനപ്രതിനിധികള്‍ക്കും ആണ്.

മറ്റൊരു വിഷയം സംസ്ഥാനത്ത് ജോലിയെടുക്കുന്ന അതിഥി തൊഴിലാളികളുടേതാണ്. അവര്‍ക്ക് ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നില്ല. ജോലി ഇല്ലാത്തപ്പോള്‍ നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ പോലെ സമയം ചെലവഴിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അവര്‍ കവലകളില്‍ കൂട്ടം കൂടുന്നു. ഇത്തരം ഘട്ടങ്ങളില്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നു. അത് തടയാനും അവരെ ബോധവല്‍ക്കരിക്കാനും നാടിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം.

നമ്മുടെ നാടിന്‍റെ അതിജീവനം ഇന്നോളം ജാഗ്രതയിലൂടെയും വിശ്രമരഹിതമായ ഇടപെടലുകളിലൂടെയാണ് സാധ്യമായത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള ആരോഗ്യ പരിപാലന സംവിധാനം നമുക്കുണ്ട്. അതിന്‍റെ ചൈതന്യവും ജീവനും ജനകീയ പങ്കാളിത്തമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇതില്‍ സര്‍വ്വ പ്രധാനമാണ്. അത് ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പ്രധാന പങ്കുവഹിക്കാനാവുക. ഇന്ത്യയില്‍ ആകെയുള്ള ആറുലക്ഷത്തി അന്‍പതിനായിരം ആശുപത്രി കിടക്കകള്‍ ഉള്ളതില്‍ ഒരു ലക്ഷം ആശുപത്രി കിടക്കകള്‍ കേരളത്തിലാണ്. ഏതു പ്രതിസന്ധിയെ നേരിടുവാനും ശക്തമായ ഒരു ആരോഗ്യ മേഖലയാണ് സാധാരണ നിലയില്‍ ഉള്ളത്.

ബോധവല്‍ക്കരണ പ്രവര്‍ത്തനം പ്രധാനപ്പെട്ട ചുമതലയാണ്. ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് വയോജനങ്ങളുടെ സംരക്ഷണത്തിലാണ്. സാന്ത്വനചികിത്സയില്‍ ഉള്ളവരോട് കൂടുതല്‍ കരുതല്‍ വേണം. ഇക്കാര്യത്തില്‍ പെയിന്‍ ആന്‍റ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അവരെ കൂടി പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം. തീരദേശവാസികള്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അധ്വാനിക്കുന്നവര്‍, അതിഥി തൊഴിലാളികള്‍ ഇവരൊക്കെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. അവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും കൂടുതല്‍ ആളുകളില്‍ രോഗം പകരാതിരിക്കാനുള്ള ഇടപെടല്‍ നടത്താനും ശ്രദ്ധിക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെതാണ് ബോധവല്‍ക്കരണം ശക്തമായി നടക്കേണ്ട മേഖല. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകമായ കേന്ദ്രീകരണം തന്നെ വേണ്ടതുണ്ട്.

'ബ്രേയ്ക്ക് ദ ചെയ്ന്‍' എന്ന പേരില്‍ നാമൊരു പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്‍റെ കണ്ണി അറുത്തു മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാളുകള്‍, കടകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ രോഗവ്യാപനം തടയാനുള്ള അണുനശീകരണ പരിപാടിയാണിത്. അത് വിജയിപ്പിക്കുന്നതിനൊപ്പം നേരത്തെ സൂചിപ്പിച്ച ജനവിഭാഗങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

നമ്മുടെ സമൂഹത്തിലെ ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍, പാല്‍, പത്ര വിതരണക്കാര്‍ എന്നിങ്ങനെ കൂടുതല്‍ പൊതു ജന സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരിലും ആവശ്യമായ ബോധവല്‍ക്കരണം നടത്തണം. അതുപോലെ എടിഎം മെഷീന്‍ ലിഫ്റ്റുകള്‍ തുടങ്ങിയവയില്‍ വൈറസ് വ്യാപനത്തിന്‍റെ സാധ്യത കൂടുതലാണ്. അവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം ഉറപ്പാക്കണം.

മറ്റൊരു പ്രധാന കാര്യം പരിസര ശുചീകരണമാണ്. ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍, ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് മുതലായ സ്ഥലങ്ങള്‍ ഇവിടങ്ങളിലെ ശുചീകരണം പ്രാദേശിക ഭരണ സംവിധാനം ഉറപ്പാക്കണം. തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയിലും മറ്റും അത് ഭംഗിയായി നിര്‍വഹിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ആ ചടുലതയും നിര്‍ബന്ധ ബുദ്ധിയും സാര്‍വത്രികമാക്കണം. ഉപയോഗിച്ച മാസ്ക്കുകള്‍ നശിപ്പിക്കണം. അതിന് സൗകര്യമൊരുക്കേണ്ടത് പ്രാദേശിക തലത്തില്‍ തന്നെയാണ്. അവ അലക്ഷ്യമായി പുറത്തേക്ക് കളയുന്ന അവസ്ഥ ഒഴിവാക്കാന്‍ കളക്ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ തേടണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തെ പറഞ്ഞത് തന്നെയാണ്. കമ്യൂണിറ്റി കൗണ്‍സലിങ്ങും വേണ്ടതുണ്ട്. അവരെ കൃത്യമായി പരിശോധിക്കുകയും അവര്‍ക്കുണ്ടാകുന്ന വിഷമങ്ങളും അവരില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തി ഇടപെടല്‍ നടത്തുകയും പ്രധാനം തന്നെയാണ്. അതുകൊണ്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന ടീം ദിവസേന ഇവരെ ബന്ധപ്പെടണമെന്ന് നേരത്തെ തീരുമാനിച്ചത്.

വിദേശത്തു നിന്നു വരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടാകരുത്. അവര്‍ നാടിന്‍റെ അതിഥികളാണ് എന്ന ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകണം. അതിഥി ദേവോഭവ എന്ന് പറയുന്ന നാട്ടിലേക്ക് അതിഥികളായി വന്നവരോടാണ് ഇത്തരമൊരു ക്രൂരത ചിലര്‍ സ്വീകരിച്ചത്. അത് നാടിന് അപമാനമുണ്ടാക്കുന്നതാണെന്ന് തിരിച്ചറിയണം.

നമ്മുടെ സംവിധാനത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമസഭയും അതിനു കീഴിലുള്ള സംവിധാനവുമുണ്ട്. അതിന്‍റെ പ്രവര്‍ത്തകര്‍ വീടുകളുമായി ദൈനംദിനം ബന്ധം പുലര്‍ത്തണം. ഹെല്‍ത്ത് കമ്മിറ്റികള്‍, ആരോഗ്യ ജാഗ്രതാ സമിതികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍, അതുപോലുള്ള മറ്റേതെങ്കിലും പേരിലുള്ള സമിതികള്‍. ഇവയുടെ പ്രവര്‍ത്തനം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഇടപെടലിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം ബോധപൂര്‍വം നടത്തേണ്ടതാണ്.

മറ്റൊരു സുപ്രധാന കാര്യം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് അവശ്യ സാധന ലഭ്യത എല്ലാ വീടുകളിലും ഉറപ്പാക്കേണ്ടത് നാം തന്നെയാണ്. മെഡിക്കല്‍ സ്റ്റോറുകള്‍ ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും കൃത്രിമക്ഷാമം ഉണ്ടാകുന്നത് നിരീക്ഷിച്ച് ജില്ലാ കലക്ടര്‍ അടക്കമുള്ള അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ഇത് അസാധാരണമായ സാഹചര്യമാണ്. സാമ്പ്രദായികമായ സംവിധാനങ്ങള്‍ പലതും പോരാതെ വരും. പല സംവിധാനങ്ങളും കൂട്ടിയോജിപ്പിക്കേണ്ടി വരും. അതുകൊണ്ട് ഓരോ പ്രദേശത്തും ലഭ്യമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിച്ച് ലിസ്റ്റ് ചെയ്യാനുള്ള ചുമതല ഏറ്റെടുക്കണം. ചില രാജ്യങ്ങളുടെ അനുഭവം ഒരുഘട്ടത്തില്‍ സമൂഹത്തിലേക്ക് വ്യാപിച്ചു എന്നതാണ്. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാനാണ് നാം പരമാവധി ശ്രമിക്കുന്നത്. ഉണ്ടായാല്‍ അതിനുവേണ്ട കരുതല്‍ നമുക്ക് ഒരുക്കേണ്ടിവരും. അതിനുവേണ്ടിയാണ് ലിസ്റ്റ് തയ്യാറാക്കണമെന്ന് ഇപ്പോള്‍ തന്നെ പറയുന്നത്.

ഈ വൈറസ് കൂടുതല്‍ അപകടകരമാകുന്നത് പ്രായമായവരിലാണ്. പ്രത്യേകിച്ച് അനുബന്ധ രോഗമുള്ളവരില്‍. ഓരോ പഞ്ചായത്തിലും 60 വയസ്സില്‍ കൂടുതല്‍ ഉള്ളവരുടെ ഡാറ്റാ മാപ്പ് രൂപത്തില്‍ ലഭ്യമാണ്.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, ജെപിഎച്ച്എന്‍ / ജെഎച്ച്ഐ, ആരോഗ്യസേനാ പ്രവര്‍ത്തകര്‍, സ്ഥലത്ത് താമസമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 15 പേരടങ്ങുന്ന കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം. ഓരോ വാര്‍ഡിലും കിടപ്പു രോഗികളും മറ്റു രോഗങ്ങള്‍ ഉള്ളവരുമായ വയോജനങ്ങള്‍ എവിടെ താമസിക്കുന്നു, അവരുടെ ഫോണ്‍ നമ്പര്‍ എന്നിവ ഗ്രൂപ്പിന് ശേഖരിക്കാം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാല്‍ ആശുപത്രിയില്‍ കിടക്ക ഉറപ്പാക്കല്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ എന്നിവ കമ്യൂണിറ്റി ഗ്രൂപ്പിന് കൃത്യമായി നടപ്പാക്കാവുന്ന കാര്യമാണ്.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ വൈകുന്നേരം വരെ ഒ.പി. ഉറപ്പാക്കാന്‍ ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കണം. കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിയമിക്കുന്നതടക്കം അതിനാവശ്യമായ കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫംഗങ്ങള്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ആകെ ഒരു കൂട്ടായ്മയാണ് നാം ഉണ്ടാക്കുന്നത്. അവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സജ്ജീകരണമാണ് പ്രാദേശികതലത്തില്‍ ഉണ്ടാകേണ്ടത്.

വീടുകളിലെത്തി കൗണ്‍സലിങ് ചെയ്യുന്നതിന് കമ്യൂണിറ്റി വളന്‍റിയര്‍മാരെ നാം നിയോഗിക്കുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനും അവശ്യ മരുന്നുകള്‍ നല്‍കുന്നതിനുമുള്ള ചുമതല അവര്‍ക്കു നല്‍കണം. ആശുപത്രികള്‍ പൊതു ഉടമസ്ഥതയിലുള്ളതായാലും സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും കൃത്യമായ ലിസ്റ്റ് ഉണ്ടാകണം. ഐസിയുവിന്‍റെ വിശദാംശം, കിടക്കകളുടെ എണ്ണം, വെന്‍റിലേറ്റര്‍ സൗകര്യം എന്നിവ സംബന്ധിച്ച പൂര്‍ണ വിവരം ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കൈയില്‍ ഉണ്ടാകണം.

അടുത്ത ഘട്ടത്തില്‍ വന്നേക്കാവുന്ന ഒരു പ്രശ്നം നിരീക്ഷണത്തിനുള്ള ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യത്തിന്‍റെ അപര്യാപ്തതയാണ്. വീടില്ലാത്തവര്‍ ഉണ്ടാകാം; സഞ്ചാരികള്‍ ഉണ്ടാകാം. ഇവരെയൊക്കെ നിരീക്ഷണത്തില്‍ നിര്‍ത്തുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്. ഹോസ്റ്റല്‍ ഉണ്ടാകാം; സര്‍ക്കാര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കോളേജുകളും സ്കൂളുകളും ഉണ്ടാകാം. അത്തരം സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണം. അതോടൊപ്പം അവയിലെ സൗകര്യങ്ങളെക്കുറിച്ചുള്ള ധാരണയുമുണ്ടാകണം. അത് പ്രാദേശികതലത്തില്‍ തയ്യാറാക്കണം. ലോഡ്ജുകള്‍, പ്രവര്‍ത്തിക്കാത്ത ആശുപത്രികള്‍, താമസമില്ലാത്ത വീടുകള്‍, കെട്ടിടങ്ങള്‍, ഇവയുടെ വിവരശേഖരണം നടത്തണം. അവശ്യ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുകയും വേണം.

വലിയ ഉത്തരവാദിത്വമാണ് നാം ഏറ്റെടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പൊതുവായുള്ള ഉത്തരവാദിത്വവും വാര്‍ഡിന്‍റെയും വാര്‍ഡ് അംഗത്തിന്‍റെയും ഉത്തരവാദിത്വവും വേര്‍തിരിച്ച് കാണണം. ഓരോ ആള്‍ക്കും ഓരോ സ്ഥാപനത്തിനുമുള്ള ഉത്തരവാദിത്വം നിര്‍വചിച്ച് നിറവേറ്റാന്‍ ആവശ്യമായ സാഹചര്യമാണ് ഒരുക്കേണ്ടത്.

ചുമതലകള്‍ വിഭജിച്ച് നല്‍കണം. ബോധവല്‍ക്കരണ പ്രവര്‍ത്തനം, പ്രോട്ടോകോള്‍, പരിസരശുചിത്വം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൊത്തമായ മോണിറ്ററിങ് ഇങ്ങനെ വേര്‍തിരിക്കപ്പെടണം. ഓരോരുത്തര്‍ക്കും ഉത്തരവാദിത്വം ഏല്‍പ്പിച്ചു നല്‍കുകയും കൃത്യമായി നിര്‍വഹിക്കപ്പെടുന്നു എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതുവായ ചുമതല. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ദൈനംദിന മോണിറ്ററിങ് ചുമതല സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരാണ് ഏറ്റെടുക്കേണ്ടത്. ടീമുകളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങളുടെയും മോണിറ്ററിങ് അവര്‍ തന്നെ ഏറ്റെടുക്കണം.

ലഭിക്കുന്ന വിവരങ്ങളുടെയും സമാഹരിക്കുന്ന കാര്യങ്ങളുടെയും കൃത്യത ഉറപ്പാക്കണം. പരാതികള്‍ നിരവധി ഉയര്‍ന്നേക്കാം. അവ പരിഹരിക്കുന്ന സംവിധാനം ഉണര്‍ന്നിരിക്കണം. ദിനംപ്രതി വരുന്ന വിവരങ്ങള്‍ അന്തിമമാക്കി അധികൃതരെ അറിയിക്കുന്നതിനായി സമാഹരണം ഉറപ്പാക്കുന്നതും പ്രാദേശിക ഭരണസമിതി അധ്യക്ഷന്‍മാരുടെ ചുമതലയാണ്.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷډാര്‍ക്ക് പരിസര ശുചീകരണത്തിന്‍റെയും വീടുകളിലെ നിരീക്ഷണത്തിന്‍റെയും ചുമതല കൂടി ഉണ്ട്. ഇതേ കാര്യങ്ങളുടെ വാര്‍ഡ്തല ചുമതല മെമ്പര്‍മാര്‍ ഏറ്റെടുക്കണം. അതിനു പുറമെ പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിന്‍റെ നേതൃത്വവും അവര്‍ നിറവേറ്റണം.

ജനപ്രതിനിധികള്‍ക്കൊപ്പം അതേ പ്രതിബദ്ധതയോടെ ചുമതല നിര്‍വഹിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍. ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു, ഉത്തരവാദിത്വങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും ഏറ്റെടുത്ത് നടപ്പാക്കുന്നു എന്നുറപ്പുവരുത്തേണ്ടത് സെക്രട്ടറിമാരാണ്.

ഉദ്യോഗസ്ഥതലത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വചിച്ചു നല്‍കുന്നതും കൃത്യമായ ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അടിയന്തര ശ്രദ്ധ പതിയേണ്ട പുതിയ വിഷയങ്ങളെക്കുറിച്ച് വിവരങ്ങള്‍ കൈമാറുതും സെക്രട്ടറിമാറുടെ ചുമതലയാണ്. അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യണം.

കൊറോണക്കെതിരായ പ്രതിരോധ ആയുധമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേരളത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറമുള്ള അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ഓരോ ജനപ്രതിനിധിയുടെയും കടമയാണ്. കൊറോണ കെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കുവാന്‍ വ്യക്തമായ തന്ത്രം ആസൂത്രണം ചെയ്യുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നാടിനെ സംരക്ഷിക്കുക എന്ന അതിപ്രധാനമായ കര്‍ത്തവ്യമാണ് കാലം നമ്മളോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. അത് നാം ആരെങ്കിലും തനിയെ ചെയ്തു തീര്‍ക്കേണ്ടതല്ല. നമ്മള്‍ ഒറ്റക്കെട്ടായി, ഒരേ മനസ്സായി, മറ്റെല്ലാ ചിന്തകളും മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഏറ്റെടുക്കേണ്ടതാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നമ്മുടെ തിളക്കമാര്‍ന്ന പാരമ്പര്യത്തിനും കൂട്ടായ്മയ്ക്കും ഈ പ്രതിസന്ധി മുറിച്ചു കടക്കാന്‍ കഴിയും.
ഇതിനൊപ്പം നാട്ടിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അണിനിരക്കുക ഏറ്റവും പ്രധാനമാണ്. അതുകൊണ്ടാണ് അവരെ ഇതിനൊപ്പം ചേര്‍ത്തുവെച്ച് കാണുന്നതും സംസാരിക്കുന്നതും.

ഞങ്ങള്‍ നിങ്ങള്‍ എന്ന നിലയിലല്ല; നാമൊന്നായി ഒറ്റക്കെട്ടായി ഒരേ മനസ്സായി ജനതയെ; ഈ തലമുറയെ; ഈ ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങുകയാണ്. നമുക്ക് ഇക്കാര്യത്തില്‍ കൈകോര്‍ത്ത് പിടിക്കാം. പുതിയ മാതൃക സൃഷ്ടിക്കാം. ഐക്യത്തിന്‍റെ ദുര്‍ഗം തീര്‍ക്കാം. കേരളം ഒറ്റക്കെട്ടാണ്. കൊവിഡ് ബാധയെ പിടിച്ചുനിര്‍ത്തി എന്ന അഭിമാനകരമായ നേട്ടം കരസ്ഥമാക്കാന്‍ നമുക്ക് എല്ലാം മറന്ന് പ്രവര്‍ത്തിക്കാം.