ന്യൂദല്‍ഹി: ചൈനയിലെ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സബ് വേരിയന്റ് ബി എഫ് 7 ആണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍ സബ് വേരിയന്റ് ബി എഫ് 7 സ്ഥിരീകരിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ ഒക്ടോബറിലാണ് ഇന്ത്യയില്‍ ബി എഫ് 7 ന്റെ ആദ്യ കേസ് കണ്ടെത്തിയത്. ഇതുവരെ ഗുജറാത്തില്‍ നിന്ന് രണ്ട് കേസുകളും ഒഡീഷയില്‍ നിന്ന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.അതേസമയം ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച കൊവിഡ് അവലോകന യോഗം നടന്നിരുന്നു. സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്തണം എന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ കൊവിഡ് കേസുകളുടെ മൊത്തത്തിലുള്ള വര്‍ദ്ധനവ് ഇല്ലെങ്കിലും, നിലവിലുള്ള വേരിയന്റുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ചൈനയില്‍ രോഗവ്യാപനത്തിന് പ്രധാന കാരണമായിരിക്കുന്നത് കൊവിഡിന്റെ ബി എഫ് 7 വകഭേദമാണ്.ബീജിംഗില്‍ വ്യാപിക്കുന്ന പ്രധാന വകഭേദമാണ്. ഒമിക്രോണ്‍ വേരിയന്റായ ബി എ 5 ന്റെ സബ് വേരിയന്റാണ് ബി എഫ് 7. വാക്‌സിനേഷന്‍ എടുത്തവരെപ്പോലും വീണ്ടും അണുബാധയുണ്ടാക്കാനോ ബാധിക്കാനോ ഉള്ള ഉയര്‍ന്ന ശേഷിയുള്ള വകഭേദമാണ് ഇത്. യു എസ്, യു കെ, യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇതിനകം ബി എഫ് 7 കണ്ടെത്തിയിട്ടുണ്ട്.
