ഉയരും, ഐക്യസമരത്തിന്റെ കാഹളം ; സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു) : വർഗീയതയ്‌ക്കെതിരെ വർഗസമരത്തിന്റെ ഐക്യനിര പടുത്തുയർത്താനുള്ള ആഹ്വാനവുമായി സിഐടിയു പതിനേഴാം അഖിലേന്ത്യ സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. തൊഴിലാളി – കർഷക ഐക്യത്തിന്റെ സമരവിജയം സമ്മാനിച്ച പാഠമുൾക്കൊണ്ട് യോജിച്ച പോരാട്ടം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സമ്മേളനം ചർച്ചചെയ്യും. പുതിയകാല വെല്ലുവിളികൾ ഏറ്റെടുക്കാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ സുസജ്ജമാക്കാനുള്ള സുപ്രധാന തീരുമാനങ്ങൾക്ക് ഹൈടെക്‌ സിറ്റിയിൽ ചേരുന്ന സമ്മേളനം വേദിയാകും.

ഗായത്രിവിഹാർ പാലസ്‌ഗ്രൗണ്ടിലെ ശ്യാമൾ ചക്രവർത്തി നഗറിൽ ബുധൻ രാവിലെ ഒമ്പതിന്‌ സാംസ്‌കാരിക പരിപാടിയോടെ സമ്മേളനം തുടങ്ങും. കെ ജി എഫ്‌ രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളിൽനിന്ന്‌ എത്തിക്കുന്ന ജ്യോതി സമ്മേളന നഗറിൽ തെളിക്കും. ചുവപ്പുസേനാംഗങ്ങളുടെ ഗാർഡ്‌ ഓഫ്‌ ഓണറിനുശേഷം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ പത്തിന്‌ അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ ഹേമലത സമ്മേളന നഗറിൽ പതാക ഉയർത്തും. രഞ്ജന നിരുല–രഘുനാഥ്‌സിങ്‌ മഞ്ചിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടന സെഷനിൽ ജനറൽ സെക്രട്ടറി തപൻ സെൻ ആമുഖ പ്രഭാഷണം നടത്തും. വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌ ജനറൽ സെക്രട്ടറി പാംബിസ്‌ കിരിറ്റ്‌സിസും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതാക്കളും അഭിവാദ്യംചെയ്യും.

വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ 1570 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽനിന്ന് അറുനൂറോളം പ്രതിനിധികളുണ്ട്.  മോദി സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന് കരുത്തേകുന്ന തീരുമാനങ്ങളാകും സമ്മേളനത്തിലുണ്ടാവുക. സിഐടിയു സ്വന്തം നിലയിൽ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ട്രേഡ്‌ യൂണിയൻ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടികളും ചർച്ചയാകുമെന്ന് തപൻ സെൻ പറഞ്ഞു. കർഷകരും കർഷകത്തൊഴിലാളികളും  നടത്തുന്ന പ്രക്ഷോഭങ്ങളെ ട്രേഡ് യൂണിയൻ  സമരങ്ങളുമായി ഐക്യപ്പെടുത്താനും  തീരുമാനിക്കും. അഞ്ചുദിവസത്തെ സമ്മേളനം 22ന്‌ നാഷണൽ കോളേജ്‌ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.