ഉമ്മന്‍ചാണ്ടിക്ക് വൈകിക്കിട്ടിയ നീതി

തിരുവനന്തപുരം: വര്‍ഷങ്ങളായി ചൂഴ്‌ന്നുനിന്ന ആരോപണങ്ങളുടെ പുകയെല്ലാമടങ്ങി, തെളിഞ്ഞതായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പുതുവര്‍ഷം. രാഷ്ട്രീയപ്പകയുടെ ഇരയെന്നു വിശേഷിപ്പിക്കപ്പെട്ട നേതാവിന് വൈകിക്കിട്ടിയ നീതി. സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നുംകണ്ടെത്താനാവാത്ത സോളാര്‍ക്കേസിന്റെ ചൂടുംചൂരും വട്ടംചുറ്റുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് ഒരേയൊരുകാര്യം -‘‘ഏത് അന്വേഷണവും നടക്കട്ടെ. സത്യം പുറത്തുവരട്ടെ’’.

സോളാറില്‍ 10,000 കോടിയുടെ അഴിമതി ആരോപണമാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ ഇപ്പോള്‍ ഭരണത്തിലുള്ള അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചത്. പിന്നീടതിലേക്ക്‌ ലൈംഗികാരോപണത്തിന്റെ മേമ്പൊടികൂടി ചേർക്കപ്പെട്ടു. തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചതും ആരോപണത്തില്‍പ്പെട്ട മുഖ്യമന്ത്രി. നിയമസഭയ്ക്കകത്തും പുറത്തും തന്നെക്കുറിച്ചു വന്നതെല്ലാം ചേര്‍ത്ത് കമ്മിഷന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതും പോലീസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചതും ഉമ്മന്‍ചാണ്ടിതന്നെ. ഇതൊക്കെക്കണ്ട് പലരും അന്നുചോദിച്ചത് ഉമ്മന്‍ ചാണ്ടിക്ക് ഭ്രാന്തുണ്ടോയെന്നാണ്.

ഇടവേളയില്ലാതെ 13 മണിക്കൂറാണ് ശിവരാജന്‍ കമ്മിഷനു മുന്നിലിരുന്ന് ചോദ്യങ്ങളെ നേരിട്ടത്. അതും മാധ്യമങ്ങള്‍ക്കുമുമ്പില്‍ തത്സമയം. ഇന്‍ക്യാമറയില്‍ മതിയെന്നു വേണമെങ്കില്‍ മുഖ്യമന്ത്രിക്കു പറയാമായിരുന്നിട്ടും അതിനദ്ദേഹം തയ്യാറായില്ല. തെറ്റുചെയ്തില്ലെന്ന ഉറപ്പിന്റെ അപൂര്‍വധൈര്യമായിരുന്നു ഇതിനൊക്കെ പിന്നിലെന്നന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഒരിടത്തും 10,000 കോടി രൂപയുടെ അഴിമതി കണ്ടെത്താനായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സോളാര്‍ കമ്പനിയുടെ നടത്തിപ്പുകാര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തെന്നും തെളിയിക്കാനായില്ല. അങ്ങനെ കോടികളുടെ ആരോപണത്തിന് ആയുസ്സില്ലാതെപോയി. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗംചെയ്ത് പണം തട്ടിയെന്നായിരുന്നു ആരോപണം. ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലുള്ള യു.എന്‍ അവാര്‍ഡിന്റെ തിളക്കത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ ടെനി ജോപ്പന്റെ അറസ്റ്റ്. ഇതോടെ കളമാകെ മാറി. സോളാര്‍ കേസിലെ ആരോപണ വിധേയ ജയിലില്‍ നിന്നെഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണങ്ങള്‍ ആദ്യമുന്നയിച്ചിരുന്നില്ല. പിന്നീട് നാലുപേജുകൂടി കത്തില്‍ ചേര്‍ത്തത് വലിയ വിവാദങ്ങളുയര്‍ത്തി.

പലതരം അന്വേഷണങ്ങള്‍, തെളിവെടുപ്പുകള്‍. എല്ലാത്തിനുമൊടുവില്‍ ഇപ്പോള്‍ സി.ബി.ഐ.യും കണ്ടെത്തി, ഉമ്മന്‍ചാണ്ടിക്കെതിരേ ഒരുതെളിവുമില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉപരോധംമുതല്‍ ഉമ്മന്‍ചാണ്ടി നേരിട്ട സമരപരമ്പരകള്‍ പലതാണ്. അങ്ങനെ സോളാറില്‍ 2013-ല്‍ തുടങ്ങിയ പോരാട്ടത്തിന്റെ കഥ ഇവിടെ പൂര്‍ണമായി.