സമ്പൂര്‍ണ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതി

Alappuzha Announcements Covid19 JOBS KERALA

ആലപ്പുഴ: എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും സർക്കാർ ജോലിയെന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി യിലൂടെ സർക്കാർ ജോലി ലഭ്യമാക്കാൻ വാർഡ് അടിസ്ഥാനത്തിലുള്ള ഓൺലൈൻ പഠന സഹായ പദ്ധതിയാണ് സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം.

 

അഞ്ചു വർഷം കൊണ്ടു നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിക്കായി 10 ലക്ഷം രൂപയും പഞ്ചായത്ത്‌ വകയിരുത്തിയിട്ടുണ്ട്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് പി.എസ്.സി പഠനത്തിനായുള്ള സഹായങ്ങൾ ഉദ്യോഗാർഥികൾക്ക് നൽകുക. പിഎസ്‌സി അറിയിപ്പുകൾ ഉദ്യോഗാർഥികളെ അറിയിക്കുന്നതോടൊപ്പം ഓരോ വിഷയത്തിലും സൗജന്യ പരിശീലനവും പഞ്ചായത്ത് ഉറപ്പുവരുത്തുന്നു. പരിശീലനത്തിനായി പ്രത്യേക ഫാക്കൽറ്റി ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.

READ ALSO  യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ , വായനശാലകൾ, കുടുംബശ്രീ സ്വാശ്രയ ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായവും ഉണ്ടാവും. ഓരോ വാർഡിലും രൂപീകരിച്ചിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പഠനം പുരോഗമിക്കുക. പഠന സാമഗ്രികളും, ചോദ്യങ്ങളുമെല്ലാം ഗ്രൂപ്പിൽ നൽകും. പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി 1500 ഓളം ഉദ്യോഗാർത്ഥികൾ പഠനത്തിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഉത്തമൻ, പി.എസ്. ഷാജി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. സന്തോഷ്കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
img