Alappuzha GENERAL KERALA POLITICS Transportation

ആലപ്പുഴ ബൈപാസ് ഒക്ടോബര്‍ അവസാനം പൂര്‍ത്തിയാകും: ജി. സുധാകരൻ

img

മാവേലിക്കര: ആലപ്പുഴ ജില്ലക്കാർ വർഷങ്ങളായി കാത്തിരിക്കുന്ന ആലപ്പുഴ ബൈപ്പാസ് റോഡ് ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ ളാഹ-ചുനക്കര റോഡിന്റെയും പഞ്ചായത്തിലെ മങ്കുഴി പാലത്തിന്റെയും മാവേലിക്കര നഗരസഭയില്‍ ഐഎച്ച്ആര്‍ഡി കോളേജിലെ സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലുവര്‍ഷങ്ങള്‍ കൊണ്ട് ഒരു ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും വികസനമെത്തിക്കാൻ കഴിഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥർ കോവിഡ് കാലത്തും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്.

READ ALSO  ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ സാർവദേശീയ പ്രസക്തം: മുഖ്യമന്ത്രി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഉയര്‍ത്തി പണിയാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. 625 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കുട്ടനാട്ടിലെ മഴക്കാല ഗതാഗത പ്രശ്‌നങ്ങൾ അവസാനിക്കും. മാവേലിക്കരയിലെ തെക്കേക്കര-ചുനക്കര ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ളാഹ-മുള്ളിക്കുളങ്ങര- ചുനക്കര കോട്ടമുക്ക് റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 കോടി ചെലവിട്ട് ആധുനിക നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. ഈ റോഡില്‍ തൊടിയൂര്‍-ആറാട്ടുകടവ് കനാലിന് കുറുകെ1956 ല്‍ നിര്‍മ്മിച്ച മങ്കുഴി പാലം 4.93 കോടി ചെലവിട്ട് പുനര്‍നിര്‍മ്മിക്കും. 18 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുവശവും 300 മീറ്റര്‍ അപ്രോച്ച് റോഡും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിക്കും. ഐഎച്ച്ആര്‍ഡി കോളേജിലെ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം 14.5 ലക്ഷം ചെലവിട്ടാണ് നിര്‍മ്മിച്ചത്.

READ ALSO  കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

റോഡ്, പാലം നിര്‍മ്മാണങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രം നേരിട്ടുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങുകളില്‍ ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷനായി.

%d bloggers like this: