ഗുജറാത്തില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; അധികാരം പിടിച്ചാല്‍ ഒബിസി മുഖ്യമന്ത്രി

ദില്ലി: ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ തന്ത്രം മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ് പാര്‍ട്ടി. നിര്‍ണായക പ്രഖ്യാപനവും ഉടന്‍ വന്നേക്കും. അധികാരം പിടിച്ചാല്‍ ഒബിസി വിഭാഗത്തില്‍ നിന്നൊരു മുഖ്യമന്ത്രിയുണ്ടാവുമെന്നാണ് പ്രഖ്യാപനം.

ഇത് അപ്രതീക്ഷിതമായിട്ടുള്ള പ്രഖ്യാപനമായിരുന്നു. ഇത് മാത്രമല്ല മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് ഉപമുഖ്യമന്ത്രിമാരും കോണ്‍ഗ്രസിനുണ്ടാവും. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളയാളുകളായിരിക്കും ഉപമുഖ്യമന്ത്രി. കൃത്യമായ ബാലന്‍സിംഗാണ് കോണ്‍ഗ്രസ് ഇവിടെ നടത്തിയിരിക്കുന്നത്.ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ആധിപത്യമുള്ള വിഭാഗമാണ് ഒബിസി വിഭാഗം. ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ് ഇവ. കഴിഞ്ഞ തവണ ഇതില്‍ വിള്ളല്‍ വീണിരുന്നു. കോണ്‍ഗ്രസിനൊപ്പം ഇവരും നിന്നിരുന്നു. അത് നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

അതേസമയം പാട്ടീദാര്‍ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടുമോ എന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ഈ വിഭാഗത്തിനായി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യാനുള്ള സാധ്യത കുറവാണ്. പ്രധാന കാരണം ഇവര്‍ എന്തൊക്കെ ശ്രമിച്ചാലും ബിജെപിക്കൊപ്പം നില്‍ക്കുന്നതാണ്. കഴിഞ്ഞ തവണ ഹര്‍ദിക് പട്ടേല്‍ ഉണ്ടായിട്ടും കാര്യമായ നേട്ടം കോണ്‍ഗ്രസിനുണ്ടായിരുന്നില്ല.അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടും കഴിഞ്ഞ ദിവസം ഉന്നത തല യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ആദ്യ ഘട്ട പോളിംഗിന് ശേഷമായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലുള്ള രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം ഖാര്‍ഗെ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട പോളിംഗിനായി ഗുജറാത്ത് ഒരുങ്ങവെയാണ് ഇത്തരമൊരു പ്രഖ്യാപനം കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.

നിലവില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാരും തന്നെയില്ല. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുമോ എന്ന കാര്യം സംശയമാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ടെല്ലാം കോണ്‍ഗ്രസിന് എതിരാണ്. എന്നാല്‍ അടിയൊഴുക്ക് ശക്തമാണെന്നും, തീര്‍ച്ചയായും വിജയിക്കാന്‍ പോകുന്നത് തങ്ങളാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ ഗുജറാത്ത് ബിജെപി വളരെ മുന്നിലെത്തി കഴിഞ്ഞു. ഒരിക്കല്‍ പോലും ബിജെപിയുടെ മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തിയല്ല പ്രചാരണം നടത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രോഷം കാരണമാണ്.