വേള്‍ഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചു : ചൈനീസ് വിമതനേതാവ്

ബീജിങ്: നമ്മള്‍ കരുതുന്നതുപോലെ 2019 ഡിസംബര്‍ അവസാനമല്ല കൊറോണയുടെ വിളയാട്ടം തുടങ്ങിയതെന്ന വെളിപ്പെടുത്തലുമായി ഒരു ചൈനീസ് വിമതനേതാവ് രംഗത്തെത്തി. അതിനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വുഹാനില്‍ വെച്ചു നടന്ന വേള്‍ഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചു എന്നും ഈ നേതാവ് വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത 9,000 സൈനിക കായികതാരങ്ങാള്‍ക്ക് ദുരൂഹമായ ഒരു രോഗം പിടിപെട്ടത് കേവലം യാദേശ്ചികതയല്ലെന്നും അദ്ദേഹം പറയുന്നു.

ധാരാളം വിദേശികള്‍ എത്തുന്നതിനാല്‍ വൈറസിനെ വ്യാപിപ്പിക്കുവാനായി ഈ വേദി ചൈനീസ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതിനായി മുന്‍ കമ്മ്യുണിസ്റ്റ് നേതാവ് കൂടിയായ വീ ജിങ്ഷെംഗ് പറയുന്നു. സ്‌കൈ ന്യുസ് സംപ്രേഷണം ചെയ്ത ഒരു ഡോക്യൂമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മത്സരത്തിന്റെ സമയത്ത് ചൈനീസ് സര്‍ക്കാര്‍ അനിതരസാധാരണമായ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതായി താന്‍ കേട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചില ജൈവായുധങ്ങള്‍ ഉള്‍പ്പടെയുള്ള ചില ചിരപരിചിതങ്ങളല്ലാത്ത ആയുധങ്ങള്‍ പരീക്ഷിക്കലായിരിക്കും അതെന്ന് താന്‍ ഊഹിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ ചൈനാകാര്യ ഉപദേഷ്ടാവായ മൈല്‍സ് യുവും ഇക്കാര്യത്തില്‍ ഈ വിമതനേതാവിനെ പിന്തുണയ്ക്കുകയാണ്. ദുരൂഹമായ രോഗം ബാധിച്ചവരില്‍ അമേരിക്കന്‍ കായികതാരങ്ങള്‍ക്ക് പുറമേ ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു. എന്നാല്‍ അവരെയാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയോ അതിനുള്ള ചികിത്സ നല്‍കുകയോ ചെയ്തില്ല. ഇവര്‍ അന്ന് പ്രകടിപ്പിച്ചിരുന്നത് കോവിഡിനോട് സമാനമായ ലക്ഷണങ്ങളായിരുന്നു എന്നും മൈല്‍സ് യു പറയുന്നു.

മാത്രമല്ല, അമേരിക്കയില്‍ ഡിസംബര്‍ ആദ്യം മുതല്‍ തന്നെ കോവിഡ് വ്യാപനം ആരംഭിച്ചിരുന്നതായി ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട് എന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ കോവിഡ്-19 ഇന്‍വെസ്റ്റിഗേറ്ററായ ഡേവിഡ് ആഷര്‍ പറഞ്ഞു. ചൈനയില്‍ നിന്നും വിട്ട് അമേരിക്കയില്‍ അഭയം തേടിയ ജിങ്ഷെംഗ് പറയുന്നത് തന്റെ ആശങ്ക താന്‍ അന്നത്തെ ട്രംപ് ഭരണകൂടത്തിലെ ചിലരെ അറിയിച്ചിരുന്നു എന്നാണ്. 2019 നവംബറില്‍ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ താന്‍ അറിയിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

ചൈനയില്‍ ജനാധിപത്യത്തിനായി വാദിക്കുന്ന നേതാവാണ് ജിങ്ഷെംഗ്. പല സമയത്തായി അദ്ദേഹത്തിന് ജയില്‍ വാസവും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. താന്‍, ചൈനയുടെ പുതിയ യുദ്ധമുറയുടെ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പലരും അത് വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആശങ്ക ഉയര്‍ത്തിയ ചില ആരോഗ്യ പ്രവര്‍ത്തകരെ ഷി ജിന്‍പിംഗിന്റെ ഭരണകൂടം നിശബ്ദരാക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പോലും കടുത്ത സെന്‍സറിങ് ഏര്‍പ്പെടുത്തി രോഗവ്യാപനം സംബന്ധിച്ച ചര്‍ച്ചകള്‍ തടഞ്ഞു.