കൊറോണയെ നമ്മൾ അതിവിദഗ്ദ്ധമായി തന്നെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് കാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്.
ആശുപത്രികളിൽ രക്തം കിട്ടാനില്ല. ആരും രക്തം കൊടുക്കാൻ തയ്യാറാവുന്നില്ല.
ജനങ്ങൾക്ക് ആശുപത്രികളിൽ ചെല്ലാനുള്ള പേടിയും, യാത്രകൾ ഒഴിവാക്കുന്നതും സ്ഥാപനങ്ങളും കോളേജുകളും അവധിയായതും എല്ലാം ഈ പ്രശ്നത്തെ രൂക്ഷമാക്കുന്നുണ്ട്.
ഓപറേഷൻ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ ക്യാൻസറിൻ്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം നൽകേണ്ടതായി വരും. എന്നുവച്ചാൽ RCC പോലുള്ള ആശുപത്രിയിൽ വരുന്ന 90% രോഗികൾക്കും രക്തം നൽകേണ്ടി വരാം. മറ്റിടങ്ങളിൽ സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡൻ്റുകൾ, പൊള്ളൽ അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികൾ കൊറോണ വരുന്നവരേക്കാൾ ഒരുപാടധികമാണ്.
കൊറോണ ഐസൊലേഷൻ വാർഡ് ആശുപത്രികളുടെ ഒരു മൂലയിൽ പ്രത്യേകം സജ്ജീകരിച്ച മേഖലയാണ്. ആ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് വാർഡുകളിലെ രോഗികൾക്കോ ആരോഗ്യ പ്രവർത്തകർക്കോ പോലും അവിടെ നിന്ന് രോഗം പകർന്നു കിട്ടാനുള്ള സാധ്യതയില്ല. അതിനാണല്ലോ ‘ഐസൊലേഷൻ’ എന്ന് പറയുന്നത്.
അപ്പൊ പിന്നെ മറ്റൊരു കെട്ടിടത്തിലോ, മറ്റൊരാശുപത്രിയിലോ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിൽ പോയി രക്തം നൽകുന്നതിൽ നിന്ന് മാറി നിൽക്കേണ്ട കാര്യമില്ല. കൊറോണ അന്തരീക്ഷവായുവിലൂടെ പകരുന്ന രോഗമല്ല. അത് രക്തത്തിലൂടെയോ, സൂചി, സിറിഞ്ച് എന്നിവ വഴിയോ പകരില്ല.
അതുകൊണ്ടുതന്നെ എല്ലാവരും, പ്രത്യേകിച്ചും യുവാക്കൾ, കൊറോണ ഭീതി മാറ്റിവെച്ച്, നമ്മുടെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മുന്നോട്ടു വരണം. അത്രയ്ക്കു ക്ഷാമമാണ് രക്തത്തിന്.
ലേഖകൻ
ഡോ. മനോജ് വെള്ളനാട്