ജിഎസ്ടി വകുപ്പ് പുഃസംഘടനയ്ക്ക് അംഗീകാരം നൽകി മന്ത്രി സഭായോഗം

ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സിമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ടാക്‌സ് റിസേര്‍ച്ച് ആന്റ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്റ് എജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക്ക് റിലേഷന്‍സ് സെല്‍, സെന്റട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും.

ജിഎസ്ടി വകുപ്പിന്റെ പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ തലത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍/സ്റ്റേറ്റ് ഓഫീസര്‍ തസ്തികയെ ഡെപ്യൂട്ടി കമ്മീഷണര്‍ കേഡറിലേക്ക് ഉയര്‍ത്തി 24 തസ്തികള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് കമ്മീഷണര്‍/ സ്റ്റേറ്റ് ടാകസ് ഓഫീസറുടെ നിലവിലെ അംഗബലം നിലനിര്‍ത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫീസര്‍ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യും. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയുടെ അംഗബലം 981 ല്‍ നിന്ന് 1362 ആക്കി ഉയര്‍ത്തും. ഇതിനായി 52 ഹെഡ് ക്ലാര്‍ക്ക് തസ്തികകളെയും 376 സീനിയര്‍ ക്ലര്‍ക്ക് തസ്തികകളെയും അപ്‌ഗ്രേഡ് ചെയ്യും.