കൽബുർഗിയിൽ കുടുങ്ങി 13 മലയാളി അധ്യാപികമാർ

എറണാകുളം: കോവിഡ് 19 ഭീതിയിൽ പെട്ട് മലയാളി അദ്ധ്യാപികമാർ വിഷമിക്കുന്നു. കർണാടകയിലെ കൽബുർഗിയിലാണ് 13 അധ്യാപികമാർ നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിപ്പോയത്. ഇവിടുത്തെ പ്രമുഖമായൊരു സ്വകാര്യ സ്കൂളിൽ അധ്യാപികമാരായ ഇവർ രാജ്യം നേരിടുന്ന മഹാരോഗബാധ മൂലമുള്ള നിയന്ത്രണങ്ങൾ കാരണമാണ് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലെത്തിയത്.
കോട്ടയത്തു നിന്നുള്ള ഏഴു
പേരും ആലപ്പുഴക്കാരായ നാലു പേരും പത്തനംതിട്ടക്കാരായ  രണ്ടുപേരുമാണ് ഇത്തരത്തിൽ കുടുങ്ങിപ്പോയ അദ്ധ്യാപികമാർ.
സ്കൂൾ അടച്ചതിനാൽ മുഴുവന്‍ സമയവും ഹോസ്റ്റലിൽ കഴിയേണ്ടി വരുന്ന ഇവർ അനിശ്ചിതത്വം മൂലമുള്ള ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണുള്ളത്‌.
വളരെ ചെറിയൊരു ആരോഗ്യകേന്ദ്രം മാത്രമാണ് ഇവർ താമസിക്കുന്ന പ്രദേശത്തുള്ളത്. മൂന്നു മണിക്കൂര്‍ യാത്ര ചെയ്ത് മഹാരാഷ്ട്ര സംസ്ഥാനത്തിലെത്തിയാൽ മാത്രമേ നല്ലൊരു ആശുപത്രിയില്‍ എത്താനാകൂ.
എത്രയും വേഗം ഈ വിഷയത്തില്‍ അധികാരികളുടെ ശ്രദ്ധ എത്തേണ്ടതുണ്ട്.