‘ഞാന്‍ തയ്യാര്‍’; മൂന്നാം അങ്കത്തിന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ട്രംപ്.

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അമേരിക്കയെ വീണ്ടും മികച്ചതാക്കി മാറ്റാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ഈ രാത്രി പ്രഖ്യാപിക്കുകയാണ്.’ ട്രംപ് തന്റെ അണികളോട് പറഞ്ഞു.’ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024′ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ട്രംപ് തിരഞ്ഞെടുത്ത ദുര്‍ബലരായസ്ഥാനാര്‍ത്ഥികളാണ് പരാജയകാരണം എന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെയുള്ള ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.

ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടാണ് ട്രംപ് ഇത്രയും നേരത്തെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ജനകീയനായ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും, ട്രംപ് ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളിയാവുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്.