എഡിറ്റോറിയൽ

EDITORIAL

ടി.ജി. ഗീതുറൈം ഓണപ്പള്ളി.
മാനേജിങ്ങ് ഡയറക്ടർ
ദി കേരളാ ഓൺലൈൻ.

മഹാമാരിയിൽ തളരാതെ ഒരു അധ്യയന വർഷം കൂടി.

ഒരു സ്കൂൾ കാലം കൂടി കൊവിഡ് കവർന്നെടുക്കുമ്പോൾ സംസ്ഥാനത്തെ സ്കൂളുകൾ മാസങ്ങൾക്ക് മുൻപെ തന്നെ ഇതിനെ തരണം ചെയ്യാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടിരുന്നു എന്നത് ഏറെ അഭിമാനകരമാണ്.

ജൂൺ മാസത്തിൽ മഴയുടെ അകമ്പടിയോടെ കുരുന്നുകൾ സ്കൂൾ അങ്കണങ്ങളിൽ എത്തുമ്പോൾ ഏതൊരു ഉത്സവങ്ങളെക്കാണും വലിയ ആഘോഷമാണത് രണ്ടു വർഷം മുൻപ് വരെയും നാം കണ്ട സ്കൂൾ തുറക്കലുകൾ പിഞ്ചോമനകളുടെ കളിചിരികൾ നിറഞ്ഞതായിരുന്നു.

താഴ്ന്ന തരങ്ങളിൽ നിന്നും ഉയർന്ന തരങ്ങളിലേയ്ക്കുള്ള ജയം കാത്തിരിക്കുന്ന വിദ്യാർഥികളുടെ തിടുക്കം, ജയത്തിന്റെയും തോൽവിയുടെയും സന്തോഷവും നിരാശയും,ഒന്നാം തരത്തിലേക്കുള്ള കുരുന്നുകളുടെ കുടചൂടിയ ആകാംഷ നിറഞ്ഞ കണ്ണുകൾ,
വർണ്ണശലഭങ്ങളെ ഓർമ്മിപ്പിക്കുന്ന കുഞ്ഞുടുപ്പുകളും, യൂണിഫോമും, നോട്ടുബുക്കുകളുടെയും
പാഠപുസ്തകങ്ങളുടെയും കൊതിപ്പിക്കുന്ന മണം, മുന കൂർപ്പിച്ച പെൻസിലും,കട്ടറും,പേനയും, സ്കെയിലും, റബ്ബറും ഒക്കെ നിറഞ്ഞു ഹൃദ്യമായ ഗന്ധമുള്ള ബോക്സുകളുടെ കിലുക്കം , രക്ഷകർത്താക്കളുടെ കാത്തുനിൽപ്പും പരസ്പരം വിശേഷം പറയലുകളും അധ്യാപകരുടെ പ്രവേശനോൽസവ തിരക്കുകളും അങ്ങനെ ഓരോ അധ്യയന വർഷവും പേരുപോലെ  ഉത്സവം തന്നെ ആയിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇതെല്ലാം നമ്മുടെ ചിന്താശക്തികൾക്കും അപ്പുറത്തുനിന്നും രൂപമില്ലാതെ കടന്നു വന്ന കോവിഡ് എന്ന കൊലയാളി പൂർണ്ണമായും കവർന്നെടുത്തു.
ലോകം മുഴുവനുമുള്ള മനുഷ്യകുലം കോവിഡിന്റെ കൈകളിൽ ശ്വാസത്തിനും ജീവനുമായി പിടഞ്ഞപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ എല്ലാ അവകാശങ്ങളും തച്ചുടക്കപ്പെട്ട് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനാകാതെ ഇടം വലം അനങ്ങാനാനോ കളിക്കാനോ ആവാതെ നഷ്ട്ടമായ സ്വാന്ത്ര്യങ്ങളെ നോക്കി നോവുന്ന കുഞ്ഞു മനസ്സുകളും നികണ്ണുകളുമായി ശബ്ദം മറന്നു നിന്നു.

ഈ വർഷവും മറിച്ചല്ല അനുഭവം
മനുഷ്യകുലം അനുഭവിച്ച എല്ലാ സ്വാതന്ത്ര്യങ്ങളും വാർത്തമാനത്തിലും ഭാവിയിലും ഒരു പകൽകിനാവുപോലെ ശേഷിക്കുമോ എന്ന ഭയം അസ്ഥാനത്തല്ല.

സ്ഥിതിഗതികൾ ഏറെ പതറിക്കുന്നതും സൂക്ഷിക്കേണ്ടതുമാണ് എന്നിരിക്കിലും കഴിഞ്ഞ സ്ക്കൂൾ തുറക്കൽ പോലും നമ്മൾ ഓൺലൈൻ പഠന സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് ക്രമേണയെങ്കിലും താമസം കൂടാതെ തരണം ചെയ്തു.
പത്താം തരം ഉൾപ്പടെയുള്ള പരീക്ഷകൾ നടത്തി. വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കി.

ഇന്ന് 2021 ജൂൺ ഒന്ന് നമ്മുടെ ഭാവി ശിൽപ്പികളായ വിദ്യാർഥി സമൂഹം പുതിയ മാറ്റങ്ങളും, സാഹചര്യവും പഠന സംവിധാനങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം ആഘോഷിച്ചു. സാധ്യമായ സ്കൂളുകൾ അല്ലാതെയും.
എല്ലാ കുരുന്നുകൾക്കും പുതിയ അധ്യയന വർഷം അറിവുകളുടെയും വിജയത്തിന്റെയും ആയിരിക്കാൻ ആശംസകൾ നേരുന്നു. ഒപ്പം പ്രതിബന്ധങ്ങളെ തരണം ചെയ്തു കുഞ്ഞു മനസ്സുകളിൽ അക്ഷരവെളിച്ചം നിറയ്ക്കാൻ രക്ഷകർത്താകളും അധ്യാപകരും കരുതുള്ള തുണയായിരിക്കട്ടെ എന്ന പ്രാർഥനയോടെ…..

img