ആശങ്കകളകറ്റി പരീക്ഷാഹാളിലേക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട്, ഹോസ്ദുർഗ്ഗ് ഗവ: ഹയർസെക്കണ്ടറി സ്കൂളില്‍ എല്ലാ പരീക്ഷാകാലങ്ങളെയും അപേക്ഷിച്ച് ശാന്തമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾ പരീക്ഷാഹാളിൽ പ്രവേശിച്ചു.

പോലീസിൻ്റെ കർശനമായ നിരീക്ഷണത്തിൽ നിശ്ചിത അകലം പാലിച്ചുള്ള വരിയിൽ, അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ ക്ലാസ്മുറികളിലെത്തിയത്.

പെഡൽ ചവിട്ടിയാൽ തുറന്നു വരുന്ന തരത്തില്‍ പ്രത്യേകം സജ്ജീകരിച്ച സാനിട്ടൈസർ ഉപയോഗിച്ചു കൈകൾ ശുചിയാക്കിയും ആരോഗ്യപ്രവർത്തരുടെ, ശരീരതാപപരിശോധനയ്ക്കും ശേഷമാണ് ഓരോ വിദ്യാർത്ഥിയും ഹാളിലേക്കു കയറിയത്.

പ്രധാനാദ്ധ്യാപകൻ രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ അദ്ധ്യാപകർ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു.

മതപഠനവുമായി ബന്ധപ്പെട്ട് കർണ്ണാടകത്തിലായിരുന്ന നാലു വിദ്യാർത്ഥികൾ പ്രത്യേകം തയ്യാറാക്കിയ സുരക്ഷാ സജ്ജീകരണങ്ങളോടെ ഇവിടെ പരീക്ഷ എഴുതുന്നുണ്ട്.

കാസര്‍കോട് ജില്ലാ കളക്ടർ ഡോ. സജിത്ബാബു സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.