വേണം വാടകയിലും കാലയിളവ്

covid19

കേരളം അതീവഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നേവർക്കുമറിയാം. മാർച്ച് 31 വരെ കേരളം നിശ്ചലമാവുകയുമാണ്.

ഇറ്റലി, സ്പെയിൻ, ജർമ്മനി, UK തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസിൻ്റെ ശീഘ്രവ്യാപനം കണ്ട നമുക്ക് ഇങ്ങനൊരു നിയന്ത്രണം അനിവാര്യമാണ്. സമ്പന്നരാഷ്ട്രശ്രേണിയിലുള്ള ഈ രാജ്യങ്ങൾക്ക് കടിഞ്ഞാണിടാനാവാത്ത വിധം രോഗം വ്യാപിക്കുമ്പോൾ തികച്ചും മാതൃകാപരമായി രോഗത്തെ ചെറുത്തുനിർത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ചിലരുടെ അശ്രദ്ധയാണ് സാഹചര്യങ്ങളെ ഇത്രയും വഷളാക്കിയത്. ഇനിയെങ്കിലും നമുക്ക് ആരോഗ്യപ്രവർത്തകരുടെയും അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിക്കാം.

നമ്മുടെ സാധാരണക്കാരായ ജനവിഭാഗം ഇക്കാലത്ത് അഭിമുഖീകരിക്കേണ്ടിവരാൻ സാധ്യതയുള്ള ചില വിഷയങ്ങളെ അധികരിച്ച് ‘ദി കേരള ഓൺലൈൻ’ എഡിറ്റോറിയലായും വാർത്തകളായും സംസാരിച്ചിരുന്നു. സർക്കാർ യഥാസമയത്ത് ഈ വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങളുമെടുത്തിട്ടുണ്ട്.

അധികം ചർച്ച ചെയ്തിട്ടില്ലാത്തൊരു വിഷയം കൂടി പൊതു ശ്രദ്ധയില്‍ പെടുത്താൻ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇടത്തട്ടുകാരും കൂലിവേലക്കാരുമായ നിരവധി ആളുകൾ വാടകവീടുകളിലാണ് കഴിയുന്നത്. സ്വാഭാവികജീവിതം സാധ്യമല്ലാതെവരുന്ന ഈ നിയന്ത്രണത്തിൻ്റെ കാലയളവിൽ വരുമാനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതിനാൽ ഇവർക്ക് വാടക നൽകാനാവാതെ വരും. കെട്ടിട ഉടമസ്ഥരുടെ ഭീഷണിയും അപമാനവും സഹിക്കേണ്ടി വരാം.

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുടെ കളക്ഷൻ പോലും രണ്ടു മാസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ച സർക്കാർ ഇക്കാര്യത്തിലും യുക്തമായ നടപടി കൈക്കൊള്ളുമെന്നു കരുതുന്നു.

കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
9496149637