ഉപ്പ് അധികമാകുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് പഠനം

പാചകത്തില്‍ ഉപ്പിന് ഏറെ പ്രധാന്യമുണ്ട്. വിഭവങ്ങളുടെ രുചി നിര്‍ണയിക്കുന്നത് തന്നെ ഉപ്പിന്റെ അളവാണ്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അതിന്റെ രുചി കെട്ടുപോകും. പ്രായപൂര്‍ത്തിയായവര്‍ ഒരു ദിവസം ആറ് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, പലരും ഇത് ഒമ്പത് ഗ്രാം വരെ കഴിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഉപ്പ് അധികം കഴിക്കുന്നത് രക്തസമ്മര്‍ദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അമിതമായി ഉപ്പ് കഴിക്കുന്നത് മാനസിക സമ്മര്‍ദം കൂടി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. ഉപ്പ് അമിതമാകുമ്പോള്‍ മാനസിക സമ്മര്‍ദത്തിന് കാരണമാകുന്ന ഹോര്‍മോണിന്റെ അളവ് 75 ശതമാനത്തോളം വര്‍ധിക്കുന്നതായി കാര്‍ഡിയോ റിസേര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഉപ്പ് അമിതമായി കഴിക്കുന്നത് മാനസികസമ്മര്‍ദങ്ങളോട് ശരീരം പ്രതികരിക്കുന്നത് നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ പ്രോട്ടീന്റെ ഉത്പാദനത്തിന് കാരണക്കാരായ ജീനുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.ഈ പഠനത്തില്‍ തുടര്‍പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉത്കണ്ഠ, ആക്രമിക്കുന്ന സ്വഭാവം എന്നിവയെ ഉപ്പ് അമിതമായി കഴിക്കുന്നത് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.