കള്ളനോട്ടുമായി വ്യാജ ഡോക്ടര്‍ അറസ്റ്റില്‍: ടാക്‌സി ഡ്രൈവര്‍മാരെ കബളിപ്പിച്ചു പണം തട്ടുന്ന ശീലം

തലശേരി: തലശേരിയില്‍ കള്ളനോട്ടുമായി വ്യാജ ഡോക്ടര്‍ പിടിയിലായ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കും. ഇയാളില്‍ നിന്നും കണ്ടെത്തിയ കള്ളനോട്ടിന്റെ ഉറവിടമാണ് അന്വേഷിക്കുന്നത്.

ഗോവയിലെ ചൂതാട്ട കേന്ദ്രവുമായും ബംഗ്ളൂരു നഗരവുമായി ബന്ധമുളള മലയാളിയാണ് പ്രതിയെന്നതിനാല്‍ കൂടുതല്‍ വിപുലമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. മലയാളിയാണെങ്കിലും നിലവില്‍ ചെന്നൈ അഡ്രസില്‍ താമസിക്കുന്ന യുവാവാണ് തലശേരിയില്‍ പിടിിയിലായത്.കൊവിഡ് ചികിത്സാരംഗത്തെ പ്രഗത്ഭനായ ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് ഡ്രൈവര്‍മാരില്‍ നിന്ന് പണവും മൊബൈലും തട്ടിയെടുക്കുന്ന യുവാവാണ് കള്ളനോട്ടുമായി തലശേരി പഴയബസ് സ്റ്റാന്‍ഡിലെ ഒരു ലോഡ്ജില്‍ വെച്ചു പിടിയിലായത്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ സഞ്ജയ് (42) വര്‍മ്മയാണ്പിടിയിലായത്.

ടൗണ്‍ സിഐ എം. അനില്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2000 ത്തിന്റെ അഞ്ചു കള്ളനോട്ടുകളും 11 മൊബൈലുകളും കണ്ടെടുത്തു. മംഗളൂരുവില്‍നിന്ന് ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് തലശേരിയില്‍ എത്തിയ ഇയാള്‍ ടാക്സി ഡ്രൈവറില്‍നിന്ന് തന്ത്രപൂര്‍വം പണവും മൊബൈലും തട്ടിയെടുക്കുകയും മറ്റൊരു ടാക്സിയില്‍ രക്ഷപ്പെടുകയുമായിരുന്നു. ഈ ടാക്സി ഡ്രൈവര്‍ക്ക് കൂലിയായി നല്‍കിയ പണം കള്ളനോട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്.

വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ പണം കണ്ടെത്തിയശേഷം ഗോവയില്‍ പോയി ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച ചെയ്തു കിട്ടുന്ന സാധനങ്ങളും പണവും കൊണ്ടു ഇയാള്‍ ചൂതാട്ടം നടത്തിയിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം. ഇയാള്‍ക്ക് മയക്കുമരുന്നുമാഫിയയുമായി ബന്ധമുണ്ടെന്നു സംശയിച്ചിരുന്നുവെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. സഞ്ജയ് വര്‍മ്മയുടെ തട്ടിപ്പിനിരയായ മൈസൂരു സ്വദേശിയായ ഡ്രൈവറാണ് തലശേരി ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണും പണവും പ്രതികവര്‍ന്നിരുന്നു.