അര്‍ജന്റീന ഫൈനലില്‍! ക്രൊയേഷ്യയ്ക്കും തടയാനായില്ല……

ദോഹ: ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി… ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിടര്‍ന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം.

നാലു കൊല്ലം മുന്‍പത്തെ മാനക്കേടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മെസ്സിയാണ് ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ആല്‍വരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് ആല്‍വരസ് തന്നെ വിജയം ഉറപ്പിച്ച് ഒരിക്കല്‍ക്കൂടി വല കുലുക്കി.

2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.രണ്ടാം പകുതിയില്‍ ക്രൊയേഷ്യ രണ്ട് മാറ്റങ്ങള്‍ വരുത്തി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തി. 49-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ശക്തി കുറഞ്ഞ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് കൈയ്യിലൊതുക്കി. 58-ാം മിനിറ്റില്‍ മെസ്സി തകര്‍പ്പന്‍ കുതിപ്പ് നടത്തി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ആ ശ്രമം വിഫലമാക്കി. 62-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ലോവ്‌റെനിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തിയെടുത്തു.

69-ാം മിനിറ്റില്‍ ക്രൊയേഷ്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടുകൊണ്ട് അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. ഇത്തവണയും അല്‍വാരസ് തന്നെയാണ് വലകുലുക്കിയത്. വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസ്സി നല്‍കിയ അളന്നുമുറിച്ച പാസ് അല്‍വാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ ലോകോത്തരമായ അസിസ്റ്റ് ആരാധകരെ അമ്പരപ്പിച്ചു. ഇതോടെ അര്‍ജന്റീന വിജയമുറപ്പിച്ചു. 75-ാം മിനിറ്റില്‍ ഇരട്ടഗോളുമായി തിളങ്ങിയ അല്‍വാരസിന് പകരം സൂപ്പര്‍ താരം പൗലോ ഡിബാല ഗ്രൗണ്ടിലെത്തി. ഈ ലോകകപ്പില്‍ ഡിബാലയ്ക്ക് ആദ്യമായാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അര്‍ജന്റീന ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. വൈകാതെ മെസ്സിയും സംഘവും ഇതാ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്ക്…..