ഒരേ സ്വപ്നം, ഒരേ ദൂരം; സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യക്കെതിരേ

 

ലുസെയ്ല്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും വീണുപോയ വഴിയില്‍ ഒരേ സ്വപ്നവുമായി ഒരേ ദൂരത്തില്‍ ഇരുവര്‍. ലോകകപ്പ് ഫുട്ബോളിലെ ആദ്യസെമിയില്‍ ചൊവ്വാഴ്ച ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും മുഖാമുഖം. ഒരിക്കല്‍ ചുണ്ടോടടുത്ത ചഷകം അവസാനനിമിഷം വീണുടഞ്ഞതിന്റെ ഓര്‍മകളുമായാണ് മെസ്സിയും മോഡ്രിച്ചും കളത്തിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ മോഡ്രിച്ച് ഫ്രാന്‍സിനോട് തോറ്റെങ്കില്‍ അതിനുമുമ്പത്തെ ഫൈനലില്‍ ജര്‍മനിയോട് തോല്‍ക്കാനായിരുന്നു മെസ്സിയുടെ വിധി.

ലോകംകണ്ട മികച്ച താരങ്ങളായ ഇരുവര്‍ക്കും അവസാന ലോകകപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്റില്‍ കിരീടമല്ലാതെ മറ്റൊരു യോജിച്ച യാത്രയയപ്പുമില്ല. ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന സെമിയിലെത്തിയതെങ്കില്‍ കിരീടപ്രതീക്ഷയുണ്ടായിരുന്ന ലോക ഒന്നാം നമ്പര്‍ ടീം ബ്രസീലിനെ വീഴ്ത്തിയാണ് ക്രൊയേഷ്യയുടെ വരവ്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് കിക്കോഫ്.

ഇരട്ടനേട്ടം ലക്ഷ്യമിട്ട് മെസ്സി

ലോകകപ്പ് സെമിഫൈനലില്‍ കളിക്കാനിറങ്ങുമ്പോള്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് അപൂര്‍വനേട്ടം സ്വന്തമാകും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന ജര്‍മനിയുടെ ലോതര്‍ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്തും. ഇരുവര്‍ക്കും 25 മത്സരങ്ങളാകും. ഇരുതാരങ്ങളും അഞ്ചു ലോകകപ്പുകളിലാണ് കളിച്ചത്. ഒരു ഗോള്‍കൂടി നേടിയാല്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമാകും മെസ്സി. നിലവില്‍ 10 ഗോളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമാണ്. ബാറ്റി 12 കളിയില്‍നിന്നാണ് ഇത്രയും ഗോള്‍ നേടിയത്. മെസ്സി 24 കളിയില്‍നിന്നും.

അര്‍ജന്റീന

  • ലോകകപ്പിന്റെ സെമിയില്‍ ഇതുവരെ ടീം തോറ്റിട്ടില്ല
  • ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ്.ടീം നിശ്ചിതസമയത്ത് ജയിച്ചത്. മൂന്ന് വീതം മത്സരങ്ങള്‍ തോല്‍വിയും സമനിലയുമാണ് ഫലം.
  • സമനിലയായ രണ്ടു കളികളില്‍ ഷൂട്ടൗട്ടില്‍ ടീം ജയം നേടി.
  • ലോകകപ്പില്‍ ലോകകപ്പില്‍ മൊത്തം കളിച്ചത് 86 മത്സരങ്ങള്‍, ജയം 48 .
  • പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് കീഴില്‍ ടീം കളിച്ചത് 55 മത്സരങ്ങള്‍. 37 ജയം 13 സമനില, 5 തോല്‍വി. ഒരു ഗോള്‍കൂടി നേടിയാല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസ്സിക്ക് ടോപ് സ്‌കോററാവാം. ഇരുവര്‍ക്കും 10 ഗോള്‍ വീതം.