ജര്‍മനി ‘നൂല്‍പ്പാലത്തില്‍’, എന്തും സംഭവിക്കാം! സ്‌പെയിനിന് കാത്തിരിക്കണം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ വമ്പന്‍ ടീമെന്ന നാണക്കേടില്‍ നിന്നും നാലു തവണ ജേതാക്കളായ ജര്‍മനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗ്രൂപ്പ് ഇയില്‍ കരുത്തരുടെ പേരാട്ടത്തില്‍ സ്‌പെയിനുമായി ജര്‍മനി 1-1ന്റെ സമനില പാലിക്കുകയായിരുന്നു. തോറ്റിരുന്നെങ്കില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ ജര്‍മനി നാട്ടിലേക്കു മടങ്ങുമായിരുന്നു. എന്നാല്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം പകരക്കാരനായി ഇറങ്ങിയ നിക്ലാസ് ഫുള്‍ക്രഗ് നേടിയ ഗോളില്‍ ജര്‍മനി മാനംകാക്കുകയായിരുന്നു. നേരത്തേ പകരക്കാരനായി ഇറങ്ങിയ അല്‍വാറോ മൊറാറ്റ 62ാം മിനിറ്റില്‍ സ്‌പെയിന്‍ മുന്നിലെത്തിയിരുന്നു. സ്‌പെയിന്‍ 1-0ന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയായിരുന്നു ഫുള്‍ക്രഗിന്റെ ഗോള്‍ ജര്‍മനിയുടെ രക്ഷയ്‌ക്കെത്തിയത്.

ജയിച്ചിരുന്നെങ്കില്‍ സ്‌പെയിനിനു പ്രീക്വാര്‍ട്ടറിലെത്താമായിരുന്നു. പക്ഷെ സമനിലയോടെ അവരുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അവസാന മാച്ചിലേക്കു നീണ്ടു. സ്‌പെയിന്‍ അടുത്ത കളിയില്‍ ജപ്പാനെയും ജര്‍മനി കോസ്റ്ററിക്കയെയുമാണ് നേരിടുക. അതേസമയം, ഇന്നു ഗ്രൂപ്പ് എഫില്‍ നടന്ന മാച്ചില്‍ ക്രൊയേഷ്യ 4-1നു കാനഡയെ തകര്‍ത്തു. ആന്ദ്രെ ക്രമാറിച്ച് ടീമിനായി ഇരട്ട ഗോള്‍ നേടി. മാര്‍ക്കോ ലിവാജ, ലോവ്‌റോ മെയര്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ക്രൊയേഷ്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.

ജര്‍മനിയെ രക്ഷിച്ച് ക്രോസ് ബാര്‍

ജര്‍മനി തുടക്കം മുതല്‍ പരുക്കല്‍ കളി പുറത്തെടുത്തപ്പോള്‍ സ്‌പെയിന്‍ സ്വതസിദ്ധമായ പാസിങ് ഗെയിമിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജര്‍മനയുടെ വല കുലുങ്ങേണ്ടതായിരുന്നു. എന്നാല്‍ ഗോളി മാന്വല്‍ നുയറും ക്രോസ് ബാറുമെല്ലാം കൂടി ജര്‍മനിയെ രക്ഷിച്ചു. പെഡ്രി, ഗാവി, അസെന്‍ഷ്യോ എന്നിവര്‍ ചേര്‍ന്നു നടത്തിയ അതിവേഗ നീക്കം. ബോള്‍ ഇടതു വിങിലൂടെ കയറി ഓല്‍മോയുടെ കാലില്‍. ബോക്‌സിനു പുറത്തു നിന്നും തകര്‍പ്പനൊരു ലോങ്‌റേഞ്ചറാണ് താരം തൊടുത്തത്. ഇടതുവശത്തേക്കു ഡൈവ് ചെയ്ത് ന്യൂയര്‍ ഇതു തടുക്കാന്‍ ശ്രമിച്ചു. പക്ഷെ കൈയില്‍ തട്ടിയ ബോള്‍ ക്രോസ് ബാറിലും ഇടിച്ച ശേഷം പുറത്തേക്കു വരികയായിരുന്നു.

വീണ്ടും ലോങ്‌റേഞ്ചര്‍ 22ാം മിനിറ്റില്‍ സ്‌പെയിന്‍ കളിയിലെ രണ്ടാമത്തെ ലോങ്‌റേഞ്ചറും തൊടുത്തു. ഇത്തവണ ഇതു ഡിഫന്‍ഡര്‍ ജോര്‍ഡി ആല്‍ബയുടെ വകയായിരുന്നു. ബുസ്‌ക്വെറ്റ്‌സിന്റെ പാസുമായി ഇടതു വിങിലൂടെ കുതിച്ചുകയറിയ ആല്‍ബ ലോങ്‌റേഞ്ചറിലൂടെ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ജര്‍മന്‍ ഗോളി നുയര്‍ക്കു ഇതു തൊടാനായില്ലെങ്കിലും ഫസ്റ്റ് പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ മൂളിപ്പറക്കുകയായിരുന്നു.

ജര്‍മനിയുടെ അവസരം

24ാം മിനിറ്റില്‍ ജര്‍മനിക്കു നല്ലൊരു അവസരം. സ്പാനിഷ് ഗോളി ഉനെയ് സൈമണിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവില്‍ നിന്നായിരുന്നു ഇത്. സൈമണിന്റെ ക്ലിയറന്‍സ് ബോക്‌സിനരികില്‍ നിന്ന ഗനാബ്രിയുടെ കാലിലേക്കാണ് വന്നത്. ബോളുമായി അകത്തേക്കു കയറിയ താരം സെക്കന്റ് പോസ്റ്റ് ലക്ഷ്യമിട്ട് ഇടംകാല്‍ ഷോട്ടായിരുന്നു പരീക്ഷിച്ചത്. പക്ഷെ അതു ഗോള്‍കീപ്പര്‍ക്കു കാര്യമായ ഭീഷണിയുയര്‍ത്താതെ കടന്നുപോയി.

മാറ്റങ്ങളോടെ ഇരുടീമും

ഇരുടീമുകളും മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കോസ്റ്ററിക്കയ്‌ക്കെതിരേ 7-0ന്‍ വന്‍ ജയം കൊയ്ത സ്പാനിഷ് ടീമില് ഒരു മാറ്റമാണ് വരുത്തിയത്. റൈറ്റ് ബാക്കില്‍ സെസാര്‍ അസ്പിലിക്യൂട്ടയ്ക്കു പകരം ഡാനി കാര്‍വഹാളിനെ ഇറക്കി ജപ്പാനോടു 1-2ന്റെ അട്ടിറിത്തോല്‍വിയറ്റു വാങ്ങിയ ജര്‍മനി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പ്രതിരോധത്തില്‍ സ്‌ക്ലോറ്റെര്‍ബര്‍ഗിനു പകരം കെഹ്‌ററിനെയും മധ്യനിരയില്‍ ഹവേര്‍ട്‌സിനു പകം ഗൊറെറ്റ്‌സ്‌കയെയും കളിപ്പിച്ചു.