നെതര്‍ലന്‍ഡ്സും അമേരിക്കയും ഇംഗ്ലണ്ടും സെനഗലും പ്രീക്വാര്‍ട്ടറില്‍

ദോഹ: ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനഗലിനെയും നെതര്‍ലന്‍ഡ്‌സ് അമേരിക്കയെയും നേരിടും. പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെ 3-0 ന് തോല്‍പ്പിച്ചപ്പോള്‍ അമേരിക്ക ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. ഇംഗ്ലണ്ടിനുവേണ്ടി മാര്‍കസ് റാഷ്ഫോര്‍ഡ് ഇരട്ടഗോള്‍(50, 68) നേടി. ഫില്‍ ഫോഡന്റെ (51) വകയായിരുന്നു മറ്റൊരു ഗോള്‍. ഇറാനെതിരേ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച് (38) ഗോള്‍ നേടി.

നെതര്‍ലന്‍ഡ്സ് ഖത്തറിനെ 2-0 ന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍ന്മാരായി. നെതര്‍ലന്‍ഡ്സിനായി കോഡി ഗാക്പോ (26), ഫ്രെങ്കി ഡിയോങ് (49) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഗാക്പോ ഈ ലോകകപ്പില്‍ നേടുന്ന മൂന്നാമത്തെ ഗോളാണിത്. മറ്റൊരു മത്സരത്തില്‍ സെനഗല്‍ എക്വഡോറിനെ 2-1 ന് തോല്‍പ്പിച്ചു. ഇസ്മെയ്ലാ സാര്‍ (44), കാലിദൗ കൂലിബാലി (70) എന്നിവര്‍ സ്‌കോര്‍ ചെയ്തു. എക്വഡോറിന്റെ ഗോള്‍ മോയ്സസ് കെയ്സെഡൊ (67) നേടി.

ഇറ്റ്സ് കമിങ് ഹോം എന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ നിറം നല്‍കുകയാണ് ത്രീ ലയണ്‍സ്. ഗോളടിക്കാനും ഗോള്‍ വഴങ്ങാതിരിക്കാനും അറിയാം എന്ന് വെയ്ല്‍സിനെ തിരെ അടിവരയിട്ട് തെളിയിച്ച മത്സരത്തില്‍ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധപൂട്ട് സിംഹ ഗര്‍ജ്ജനത്തോടെ യാണ് ഇംഗ്ലീഷുകാര്‍ രണ്ടാം പകുതിയില്‍ മറികടന്നത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന്‍ ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്‌കോര്‍ 3-0.

ഇറാനെ വീഴ്ത്തി

അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍ അല്‍ തുമാമ സ്റ്റേഡിയത്തില്‍ തൊണ്ണൂറുമിനിറ്റിനൊടുക്കം അമേരിക്ക ചിരിച്ചു. ഇറാന്‍ കണ്ണീരണിഞ്ഞു മടങ്ങി. അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തി അമേരിക്കന്‍ മുന്നേറ്റം. ഒരുഗോളിനാണ് അമേരിക്കയുടെ വിജയം. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ഇറാന്‍ പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിലാണ് കലാശിച്ചത്.