നിയമസഭാ സമ്മേളനം ഇന്നുമുതല്‍; ഗവര്‍ണറുടെ അനുമതി കാത്ത് ധനവകുപ്പിന്റെ ബില്‍

തിരുവനന്തപുരം: ധനവകുപ്പിന്റെ ബിൽ നിയമസഭയിലവതരിപ്പിക്കാൻ ഗവർണർ ഇനിയും അംഗീകാരം നൽകിയില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ചതിനുപിന്നാലെയാണ് അദ്ദേഹം അവതരിപ്പിക്കേണ്ട ബില്ലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി വൈകുന്നത്. തിങ്കളാഴ്ച നിയമസഭാസമ്മേളനം തുടങ്ങും. ഈ ബിൽ അവതരിപ്പിക്കാനുള്ള തീയതി തിങ്കളാഴ്ച കാര്യോപദേശകസമിതി തീരുമാനിക്കാനിരിക്കുകയാണ്.

വിദേശമദ്യത്തിന് നാലുശതമാനം നികുതി കൂട്ടാനുള്ള പൊതുവിൽപ്പന നിയമഭേദഗതിബില്ലാണ് ഗവർണറുടെ അനുമതി കാക്കുന്നത്. നികുതിസംബന്ധമായ ബില്ലായതിനാൽ അവതരിപ്പിക്കും മുമ്പ് ഗവർണറുടെ അനുമതിവേണം. ശനിയാഴ്ചയാണ് ബിൽ ഗവർണർക്ക് അയച്ചത്. ഇതോടൊപ്പം അയച്ച ഹൈക്കോടതിയിലെ വിരമിക്കൽപ്രായം ഏകീകരിക്കുന്നതുസംബന്ധിച്ച ബില്ലിന് ഗവർണർ അനുമതി നൽകി.

ബിൽസംബന്ധിച്ച് ഗവർണർ അഭിപ്രായപ്രകടനമൊന്നും നടത്തിയിട്ടില്ല. ഗവർണർ വൈകാതെ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതികൂട്ടുന്നത് ഡിസ്റ്റിലറികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.