കൊച്ചി: ഫ്ളഷിന്‍റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്രെയ്ലര്‍ തരംഗമായിക്കഴിഞ്ഞു. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. വേറിട്ട പ്രമേയം കൊണ്ടും അവതരണത്തിലെ പുതുമയും ചിത്രത്തെ വേറിട്ട് നിര്‍ത്തുകയാണ്. ട്രെയ്ലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായിക ഐഷാ സുല്‍ത്താന പറഞ്ഞു.
പക്ഷേ ട്രെയ്ലറിലും വര്‍ഗ്ഗീയത ആരോപിക്കുന്നതില്‍ ഏറെ സങ്കടമുണ്ട്. ഫ്ളഷ് ഒരു കലാസൃഷ്ടിയാണ്. കലാമൂല്യവും ജനപ്രിയവുമായ ഒരു സിനിമയാണ് ഫ്ളഷ്. ഞാനുള്‍പ്പെടെ ഒരുപാട് പേരുടെ വിയര്‍പ്പ് ആ ചിത്രത്തിന് പിന്നിലുണ്ട്. എത്രയോ പേരുടെ ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെയാണ് സിനിമ നിങ്ങളിലേക്ക് എത്തുന്നത്.
എന്‍റെ നാടിന്‍റെ കഥയാണ് ആ സിനിമ പറയുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരി എന്ന നിലയില്‍ നാടിനോടും നാട്ടുകാരോടും എനിക്ക് പ്രതിബദ്ധതയുണ്ട്. ആരെയും അപകീര്‍ത്തിപ്പെടുത്താനും വേദനിപ്പിക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ സമൂഹത്തിന്‍റെ പതിറ്റാണ്ടുകളായുള്ള ആശങ്കകളും ആകുലതകളും എന്‍റെ ചിത്രം നിങ്ങളുമായി പങ്കുവെയ്ക്കുന്നുണ്ട്.
ദയവുചെയ്ത് വര്‍ഗ്ഗീയതയും രാഷ്ട്രീയ മുതലെടുപ്പും ഞങ്ങളുടെ ഈ പുതിയ ചിത്രത്തോട് പ്രകടിപ്പിക്കരുത്. ഫ്ളഷ് മനുഷ്യരുടെ ജീവിതമാണ് പറയുന്നത്.
സ്നേഹത്തിന്‍റെ ഭാഷയാണ് ആ സിനിമയുടെ ഭാഷ. കൂടെ നില്‍ക്കണം എന്‍റെ പോരാട്ടവഴിയില്‍ എന്നോടൊപ്പം നിങ്ങളും ഉണ്ടാവണം. ഫ്ളഷ് എന്‍റെയോ ലക്ഷദ്വീപുകാരുടെയോ മാത്രം സിനിമയല്ല. അവഗണനയുടെ സങ്കടകടലുകളില്‍ ഒറ്റപ്പെട്ട് പോകുന്ന എല്ലാ മനുഷ്യരുടെയും കഥയാണ്. ഐഷാ സുല്‍ത്താന വ്യക്തമാക്കി.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
