കൊറോണക്കാലത്ത് പ്രളയമെത്തിയാൽ

കൊറോണക്കാലത്ത് പ്രളയമെത്തിയാൽ

 

കൊറോണക്കാലഭീതി ഇനിയും ലോകത്തു നിന്നുമൊഴിഞ്ഞിട്ടില്ല. കേരളത്തിൻ്റെ അവസ്ഥയും മറ്റൊന്നല്ല. മാതൃകാപരമായ സുരക്ഷാനടപടികളുടെ പേരില്‍ കേരളം ലോകശ്രദ്ധ നേടിയത് ഈ വ്യാധികാലത്താണ്.

എങ്കിലും അനുദിനം നമുക്കു മുന്നിലേക്കെത്തുന്ന വാർത്തകൾ ഒട്ടും ആശാസ്യമല്ല. ഇത്രയേറെ മനുഷ്യജീവനുകളെ കൊറോണ ഇല്ലാതാക്കിയിട്ടും അതിൽ നിന്നു പാഠമുൾക്കൊള്ളാൻ സമൂഹം തയ്യാറാകുന്നില്ല എന്നത് ഏറെ സങ്കടകരമാണ്. അതിനാൽ തന്നെ ഗ്രീൻ സോണിലേക്കു മാറിയ പ്രദേശങ്ങൾ വീണ്ടും രോഗാതുരതയിലേക്ക് വഴുതിവീഴുന്നു. ഇക്കാര്യത്തിൽ കൂടുതല്‍ ശ്രദ്ധ പൊതുജനങ്ങൾക്കാവശ്യമാണ്. സർക്കാരിൻ്റെ ആരോഗ്യകാര്യ നിർദ്ദേശങ്ങൾ പൂർണ്ണമായും മുഖവിലയ്ക്കെടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.

ഇവിടെ കൂടുതല്‍ ശ്രദ്ധയാവശ്യമായ മറ്റൊന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേരളജനതയെ കണ്ണീരിലാഴ്ത്തിയ പ്രളയകാലത്തിന്‍റെ നടുക്കം നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. അതു വരുത്തിയ നഷ്ടങ്ങളിൽ നിന്നു നാം പൂർണ്ണമായി കരകയറിയിട്ടുമില്ല.

മുൻ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, വരുന്ന കാലവർഷവും നമ്മെ കാത്തിരിയ്ക്കുന്നത് ഒരു പ്രളയമാണെങ്കിൽ അതിനെ തരണം ചെയ്യുക എന്നത് ശ്രമകരമായിരിക്കും.

കഴിഞ്ഞ കാലങ്ങളിൽ ജാതി, മത, രാഷ്ട്രീയ, പ്രായ, ലിംഗ ഭേദമെന്യേ സഹായഹസ്തവുമായി ജനക്കൂട്ടങ്ങൾ അപകടമേഖലകളിൽ രക്ഷാദൗത്യവുമായി ഇറങ്ങിയത് അപായരൂക്ഷതയ്ക്ക് തടയിടാൻ കുറച്ചൊന്നുമല്ല സഹായിച്ചത്. എന്നാൽ ഈ കോവിഡ് പ്രസരണകാലത്ത് അങ്ങനെയൊരു താങ്ങിനുള്ള സാഹചര്യം താരതമ്യേന കുറവായിരിയ്ക്കും.

എന്തിനും ഏതിനും സർക്കാരിനെയോ ഇതര സംഘടനകളെയോ ആശ്രയിക്കാമെന്ന മനോഭാവം മാറ്റിവച്ച്, സ്വയം പ്രതിരോധത്തിനു തയ്യാറെടുക്കുകയാണു വേണ്ടത്.

പെട്ടെന്ന് ഒരു അടിയന്തിരഘട്ടമുണ്ടായാൽ മൂല്യവത്തായ വസ്തുക്കളെ (റേഷൻ/ ആധാർ/ലൈസൻസ് കാർഡോ സർട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ ഒക്കെ) കൈപ്പിടിയിലൊതുക്കി രക്ഷാസ്ഥാനത്തേക്ക് മാറാന്‍ പാകത്തിനു തയ്യാറാക്കി വയ്ക്കണം.

സ്വയരക്ഷയ്ക്കും ഒപ്പമുള്ളവരുടെ രക്ഷയ്ക്കും എന്തൊക്കെ പോംവഴികളാകാമെന്നത് മുർകൂട്ടിക്കണ്ട് സജ്ജരാവുക. പ്രാദേശിക സംഘടനകൾ മുതല്‍ ദേശീയ രാഷ്ട്രീയ പാർട്ടികൾ വരെയും സർക്കാർ, സർക്കാരിതര സംവിധാനങ്ങളും ഇക്കാര്യത്തിൽ മുൻകരുതലുകളെടുക്കുകയും പോംവഴികൾ മുൻകൂട്ടി കാണുകയും ചെയ്യണം.

കൊറോണയ്ക്കൊപ്പം ജീവിയ്ക്കാനും പ്രതിസന്ധികളെ നേരിടാനും നാമിനി ശീലിച്ചേ മതിയാകൂ.

കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
'ദി കേരള ഓൺലൈൻ'

Cont: 9496149637, pradeeppramaani@gmail.com