ജനുവരിയിലെ താരകൈമാറ്റം അവസാനിച്ചു ; ജോർജീന്യോ അഴ്‌സണലിൽ, കാൻസെലോ ബയേണിൽ

ലണ്ടൻ : ഫുട്‌ബോൾ താരങ്ങളുടെ ജനുവരിയിലെ കൂടുമാറ്റത്തിന്റെ അവസാന മണിക്കൂറിൽ ചെൽസിയിൽനിന്ന്‌ മധ്യനിരക്കാരൻ ജോർജീന്യോയെ അഴ്‌സണൽ റാഞ്ചി. ഒന്നരവർഷത്തേക്കാണ്‌ കരാർ. 121 കോടി രൂപയാണ്‌ ഇറ്റലിക്കാരന്റെ പ്രതിഫലം. പ്രതിരോധക്കാരൻ ജോയോ കാൻസെലോയെ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന്‌ വായ്‌പയ്‌ക്ക്‌ ബയേൺ മ്യൂണിക് സ്വന്തമാക്കി. അടുത്ത സീസണിൽ സ്ഥിരം കരാറെന്ന ഉപാധിയുമുണ്ട്‌.ന്യൂകാസിൽ യുണൈറ്റഡ്‌ വെസ്റ്റ്‌ഹാം യുണൈറ്റഡിൽനിന്ന്‌ പ്രതിരോധക്കാരൻ ഹാരിസൺ ആഷ്‌ബിയെയും എവർട്ടൺ മുന്നേറ്റക്കാരൻ ആന്തണി ഗോർഡനെയും കൂടാരത്തിലെത്തിച്ചു. അഴ്‌സണൽ കൗമാരതാരം മാർകീന്യോസിനെ നോർവിച്ച്‌ സിറ്റി വായ്‌പയടിസ്ഥാനത്തിൽ സ്വന്തമാക്കി.