മുറിക്കല്ല് ബൈപാസ് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

BREAKING NEWS Ernamkulam KERALA LOCAL NEWS POLITICS

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപാസിന് ശാപമോക്ഷം. പദ്ധതിയുടെ പ്രധാന തടസമായ പാലത്തിന്റെ അനുബന്ധ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. 5.5 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിരന്തര ശ്രമഫലമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ സൂപ്രധാന തീരുമാനം. പാലത്തിന്റെ അനുബന്ധ സ്ഥലം എടുപ്പ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ തിരക്ക് ഒഴിവാകും.
വര്‍ഷങ്ങളായുള്ള നാടിന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുക.

മുറിക്കല്ല് ബൈപാസ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കലെന്ന സുപ്രധാന നേട്ടമാണ് എംഎല്‍എയുടെ ഇടപെടലിലൂടെ സാദ്ധ്യമാകുന്നത്. വെള്ളോര്‍ക്കുന്നം, മാറാടി വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 1.9372 ഹെക്ടര്‍ സ്ഥലമാണ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ബൈപാസ് നിര്‍മാണത്തിനായി ഏറ്റെടുക്കുക.

മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയില്‍ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് നല്‍കിയിരുന്നു.

മൂവാറ്റുപുഴയുടെ പൊതു വികസനം സംബന്ധിച്ച് ജനപ്രതിനിധികളുമായി മാത്യു കുഴല്‍നാടന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ നിര്‍ദേശങ്ങല്‍ പരിഗണിച്ച് മുന്‍ഗണനാ ക്രമത്തില്‍ ടൗണ്‍ വികസനവും മുറിക്കല്ല് പാലവും പൂര്‍ത്തിയാക്കാനായിരുന്നു ധാരണ. തുടര്‍ന്ന് എംഎല്‍എ മന്ത്രിയുമായി നിരന്തരം ഇടപെടല്‍ നടത്തിയാണ് നടപടി വേഗത്തിലാക്കിയത്.