കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ധൂര്‍ത്ത് ; മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നു. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ച് നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നത് . പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്.
ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
മുന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
