വേണം സർക്കാർ പരിഗണന, എല്ലാ മാധ്യമപ്രവർത്തകർക്കും

നാട്ടിൽ എത്ര ഭീകരമായ അവസ്ഥയുണ്ടായാലും നാട്ടിലിറങ്ങി പ്രവർത്തിക്കേണ്ടിവരുന്ന ചില വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് മാധ്യമപ്രവര്‍ത്തകർ. യുദ്ധമായാലും അടിയന്തിരാവസ്ഥയായാലും മഹാരോഗങ്ങളായാലും മാധ്യമപ്രവർത്തകർക്ക് പുറത്തിറങ്ങേണ്ടിവരും. ചിലപ്പോഴെങ്കിലും പ്രശ്നബാധിതമേഖലകളിൽ മുന്നിട്ടിറങ്ങുമ്പോൾ മർദ്ദനമേൽക്കേണ്ടിവരുന്ന അവസ്ഥകൾക്കു പോലും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇതിപ്പോൾ പറയാനിടയായ പശ്ചാത്തലം കൊറോണ ബാധയാണ്. മറ്റേതു സാഹചര്യത്തിലുമെന്നപോലെ ഈ മഹാരോഗകാലത്തും മാധ്യമപ്രവർത്തകർക്ക് വിശ്രമമില്ല.

മാധ്യമപ്രവർത്തകർ എന്നു മൊത്തത്തില്‍ പറയുമ്പോള്‍ മുഖ്യധാരാപത്ര, ദൃശ്യമാധ്യമ പ്രവർത്തകർ മാത്രമല്ല ഉൾപ്പെടുന്നത്.

വർക്കിംഗ് ജേണലിസ്റ്റ് യൂണിയനിൽ അംഗങ്ങളല്ലാത്ത ആയിരക്കണക്കിനു മാധ്യമപ്രവർത്തകർ കേരളത്തിലുണ്ട്. ചില ചെറുമാധ്യമസംഘടനകളുമുണ്ട്. വർക്കിംഗ് ജേണലിസ്റ്റ് യൂണിയനിൽ അംഗമല്ലാത്ത പ്രവർത്തകർ ഇത്തരം സമാന്തരസംഘടനകളിൽ അംഗങ്ങളായിരിയ്ക്കാം.

ഈ വിപദ്കാലഘട്ടത്തിൽ അതീവജാഗ്രതയോടെ വിഷയങ്ങളെ അപഗ്രഥിക്കുകയും വസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്ന, ‘ദി കേരള ഓൺലൈൻ’ അടക്കമുള്ള ചില ഓൺലൈൻ മാധ്യമങ്ങളും ചെറുകിട പ്രാദേശിക പത്രങ്ങളുമൊക്കെയുണ്ട്. ഭീകരമായ സാമ്പത്തിക വൈഷമ്യത്തിൻ്റെ ഇക്കാലത്ത് പരസ്യം പോലെയുള്ള വരുമാനം നിലച്ചുപോകുന്നതിനാൽ ഇത്തരം സ്ഥാപനങ്ങളും അവിടുത്തെ പ്രവർത്തകരും തീവ്രമായ ഗതികേട് അനുഭവിക്കേണ്ടിവരുന്നു. പല കച്ചവടങ്ങളിലും ജോലികളിലും ഏർപ്പെടുന്ന ചിലർ ‘ടൈംപാസായി’ നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളെയല്ല ഇവിടെ പരാമർശിക്കുന്നത്. മാധ്യമപ്രവർത്തനത്തിൽ മാത്രം ബദ്ധശ്രദ്ധരായ പ്രവർത്തകരുടെ കാര്യമാണ്.

ഇവരുടെ ക്ഷേമത്തിനായി സർക്കാർ സഹായിക്കാന്‍ തയ്യാറാകുമ്പോഴും വർക്കിംഗ് ജേണലിസ്റ്റ് യൂണിയൻ പോലെയുള്ള സംഘടനകളിലെ പ്രവർത്തകർക്കു മാത്രമായി ഈ സഹായങ്ങള്‍ പരിമിതപ്പെടുന്നു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ധാരാളം മാധ്യമപ്രവര്‍ത്തകരുണ്ട്. റേഷൻ കാർഡ് കൈവശമില്ലാത്തവരുണ്ട്. വാടക നൽകാനോ, സർക്കാരിൻ്റെ സഹായങ്ങള്‍ വാങ്ങാനോ നിവൃത്തിയില്ലാത്ത ചിലരുണ്ട്.

ഇത്തരം മാധ്യമപ്രവര്‍ത്തകരുടെ കാര്യവും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ട്.

ഭരണതലത്തിൽ നിന്നു ജനങ്ങളിലേക്കുള്ള വാതിലാണ് മാധ്യമങ്ങൾ. കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത് മുഖ്യധാരാമാധ്യമങ്ങൾ മാത്രമല്ല. മാറിയ കാലഘട്ടത്തിൽ ചെറിയ ചെറിയ ഓൺലൈൻ, പ്രാദേശിക-പത്ര മാധ്യമങ്ങൾക്കും പ്രമുഖ-പരമ്പരാഗത മാധ്യമങ്ങൾക്കും തുല്ല്യപ്രാധാന്യമാണുള്ളത്.

കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
‘ദി കേരള ഓൺലൈൻ’
(M) 9496149637