ഡിസംബർ ആദ്യവാരം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ശക്തമാവുമ്പോള്‍ രാഷ്ട്രീയ പാർട്ടികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഗാന്ധിനഗർ ജാംനഗർ, ഭാവ്നഗർ, ജുനാഗഡ് എന്നീ എട്ട് മുനിസിപ്പൽ കോർപ്പറേഷൻ ബെൽറ്റുകളിലെ 44 നഗര സീറ്റുകളിൽ. ഗുജറാത്തിലെ അർബൻ അസംബ്ലി മണ്ഡലങ്ങൾ എല്ലായ്പ്പോഴും ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന കോട്ടയായി നിലകൊള്ളുന്നവയാണ്. ഈ മണ്ഡലങ്ങള്‍ നിലനിർത്താന്‍ ബി ജെ പി ശ്രമിക്കുമ്പോള്‍ ഏതുവിധേനെയും പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റേയും എ എ പിയുടേയും ശ്രമം.
സംസ്ഥാനത്ത് ബി ജെ പിയുടെ പരമ്പരാഗത എതിരാളികളായ കോൺഗ്രസിന് പുറമേ, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എ എ പി), അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) എന്നിവരാണ് നഗരസീറ്റുകളിലെ പ്രധാന മത്സരാർത്ഥികള്‍.
ചില സീറ്റുകളിലെങ്കിലും ചതുഷ്കോണ മത്സരം നടന്നേക്കും. എ ഐ എം ഐ എം മത്സരത്തില്‍ സ്വാഭാവികമായും കോണ്‍ഗ്രസിനുള്ളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. 1995 മുതലുള്ള തിരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോള്‍ ഗുജറാത്തിലെ ബി ജെ പിയുടെ വിജയ പരമ്പരയുടെ കേന്ദ്രബിന്ദുവാണ് നഗര സീറ്റുകളിലെ അവരുടെ സമ്പൂർണ ആധിപത്യം.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൊത്തം 44 നഗരസീറ്റുകളിൽ 40ഉം ബി ജെ പി നേടി. അഹമ്മദാബാദിലെ 16 സീറ്റുകളിൽ 13ഉം പാർട്ടി വിജയിച്ചപ്പോള്‍ സൂറത്തിലെ നഗരപ്രദേശങ്ങളിലെ 12 സീറ്റുകളും വഡോദരയിലെ നഗര പോക്കറ്റുകളിലെ അഞ്ച് സീറ്റുകളും അവർ തന്നെ നേടി. അതുപോലെ, ഭാവ്‌നഗറിലും ഗാന്ധിനഗറിലും 2 സീറ്റുകൾ വീതമുള്ള നാല് സീറ്റുകളിലും വിജയിച്ചു. രാജ്‌കോട്ടിൽ അത്തരത്തിലുള്ള നാലിൽ മൂന്ന് സീറ്റുകളിലും ബി ജെ പിയായിരുന്നു വിജയി.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബി ജെ പി തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും 1995 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടും സീറ്റുമായിരുന്നു അവർക്ക് ലഭിച്ചത്. സംസ്ഥാനത്തെ മൊത്തം 182 സീറ്റുകളിൽ 99 എണ്ണമാണ് ബി ജെ പി നേടിയതാ. പാട്ടിദാർ ക്വോട്ട പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലും ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ്നേഷ് മേവാനി എന്നീ മൂന്ന് യുവനേതാക്കളുടെ ആവിർഭാവത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് നടന്നത്. ഇത് ഗ്രാമപ്രദേശങ്ങളിൽ, പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയിൽ പാർട്ടിയുടെ പ്രതീക്ഷകളെ പ്രതികൂലമായി ബാധിച്ചു.
നഗര സീറ്റുകളിൽ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും. 2017ൽ നഗരപ്രദേശങ്ങളിൽ ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്‌തെങ്കിലും ആഗ്രഹിച്ച ഫലം ലഭിച്ചില്ലെന്നാണ് പാർട്ടി വക്താവ് മനീഷ് ദോഷി പറയുന്നത്. എന്നാൽ 2022ൽ ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, നികുതി എന്നിങ്ങനെ നാല് പ്രധാന പ്രശ്നങ്ങളാണ് നഗരപ്രദേശങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫലത്തില്‍ 44 നഗര സീറ്റുകളില്‍ ഏതെങ്കിലും വിധത്തില്‍ തിരിച്ചടി നേരിട്ടാല്‍ സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള ബി ജെ പി പ്രതീക്ഷകളെ തന്നെ ദോഷകരമായി ബാധിക്കും.