ശ്രവണ സംസാര പരിമിതികളുള്ളവർക്ക് സഹായമായി

കോവിഡ് 19 മഹാമാരിയുടേയും ലോക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്കായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, ആംഗ്യ ഭാഷയിലെ വാര്‍ത്തകള്‍, ബോധവത്ക്കരണ പരിപാടികള്‍ എന്നിവയാണ് അതില്‍ പ്രധാനം. ഈയൊരു സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണം.

ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്ക് ഈ കാലയളവില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ 9249505723 എന്ന നമ്പരിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ 7994548133 എന്ന നമ്പരിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ 7025065488 എന്ന നമ്പരിലും ബന്ധപ്പെടേണ്ടതാണ്. ആംഗ്യഭാഷാ വിവര്‍ത്തകരുടെ സഹായത്തോടെ അതതു മേഖലയിലെ വിദഗ്ധരാണ് മറുപടി പറയുന്നത്. ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാനും നിഷിന്റെ വെബ്‌സൈറ്റ് (www.nish.ac.in) വഴിയോ ഫേസ്ബുക്ക് വഴിയോ വിഡിയോ ആയോ മെസേജ് ആയോ പോസ്റ്റ് ചെയ്യാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.