കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കർശന നിയന്ത്രണങ്ങൾ

Alappuzha BREAKING NEWS Covid19 HEALTH

ആലപ്പുഴ: കോവിഡ് പരിശോധനയിൽ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ തദ്ദേശസ്ഥാപനങ്ങളിലും നിയന്ത്രിത മേഖലകളിലും(കണ്ടെയ്ൻമെന്റ് സോൺ) കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ
എ. അലക്‌സാണ്ടർ പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഹൈവേകളിലേക്കും പ്രധാനപാതകളിലേക്കുമുള്ള എല്ലാ ഇടറോഡുകളും പൂർണമായി അടയ്ക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. നിയന്ത്രിതമേഖലകളിൽ റോഡുകൾ അടയ്ക്കുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകൾ അനധികൃതമായി നീക്കിയാൽ കർശന നിയമനടപടിയെടുക്കും.

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ആറാട്ടുപുഴ, അരൂർ, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കടക്കരപ്പള്ളി, കാവാലം, മാരാരിക്കുളം വടക്ക്, പാണാവള്ളി, പുളിങ്കുന്ന്, പുലിയൂർ, പുറക്കാട്, തിരുവൻവണ്ടൂർ, തുറവൂർ, തൈക്കാട്ടുശേരി, വീയപുരം എന്നീ പഞ്ചായത്തുകളിൽ അടിയന്തരമായി ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ (ഡൊമിസിലറി കെയർ സെന്ററുകൾ) ആരംഭിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ സമ്പർക്ക വിലക്ക് ലംഘിച്ചാൽ കർശന നടപടിയെടുക്കും. സമ്പർക്ക വിലക്ക് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതലത്തിൽ 50 വീടുകളെ ക്ലസ്റ്ററുകളായി തിരിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ വോളന്റിയർമാർ, എന്നിവരെ വിന്യസിക്കും.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തദ്ദേശസ്ഥാപനങ്ങളിലെ ഉൾപ്രദേശങ്ങളിൽ ബൈക്ക് പട്രോളിങിന് നിലവിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ പൊലീസ്-ഫയർഫോഴ്‌സ് സിവിൽ ഡിഫൻസ് വോളന്റിയർമാരെക്കൂടി നിയോഗിക്കും.
രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഐസൊലേഷനിലും സമ്പർക്ക വിലക്കിലും കഴിയുന്നവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. മറ്റുള്ളവർക്ക് രോഗം പടരാനുള്ള സാധ്യതകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പൊലീസ് മേധാവി
ജി. ജയ്‌ദേവ്, സബ് കളക്ടർ എസ്. ഇലക്യ, ജില്ലാതല ഉദ്യോഗസ്ഥർ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

READ ALSO  കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
img