വിടവാങ്ങിയത് മാധ്യമ-രാഷ്ട്രീയ-സാഹിത്യരംഗത്തെ ബഹുമുഖപ്രതിഭ

ടി.പി.നന്ദകുമാര്‍
ചീഫ് എഡിറ്റര്, ക്രൈം

ചിന്തകനും സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥകാരനും വാഗ്മിയും പ്രസാധകനും പത്രപ്രവര്‍ത്തകനുമായ എം.പി.വീരേന്ദ്രകുമാറിന് പ്രണാമം.
രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു എം.പി.വീരേന്ദ്രകുമാര്‍. കേരള രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായ തികഞ്ഞ മതേതരവാദി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയെ കൂട്ടുപിടിക്കാതെ മതേതരത്വത്തിനുവേണ്ടി എന്നും നിലയുറപ്പിച്ച ജയപ്രകാശ് നാരായണന്റെ ശിഷ്യന്‍. മാതൃഭൂമിയുടെ എംഡിയെന്ന നിലയില്‍ മലയാളത്തിലെ പത്രപ്രവര്‍ത്തന മേഖലയെ ആധുനികവത്കരിക്കാന്‍ മുന്നില്‍നിന്ന തേരാളി. രാഷ്ട്രീയ എതിരാളികളെപോലും പുഞ്ചിരികൊണ്ട് നേരിട്ട അദ്ദേഹം ഇനി ഓര്‍മ്മ മാത്രം. രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള അടിയന്തരാവസ്ഥയെ മുന്നില്‍നിന്ന് എതിര്‍ത്ത ഒരു നേതാവിനെക്കൂടി രാജ്യത്തിന് നഷ്ടമായിരിക്കുന്നു.
പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം.
മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദവും അദ്ദേഹം കരസ്ഥമാക്കി.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച മഹദ്‌വ്യക്തി.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. ഇക്കാലത്ത് വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
ഹൈമവതഭൂവില്‍, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
* * *
വീരേന്ദ്രകുമാറുമായുള്ള ഊഷ്മളബന്ധത്തെക്കുറിച്ച് ഞാനൊന്നു പറയട്ടെ.
എം.പി.വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാറിനെക്കുറിച്ച് കോഴിക്കോടുനിന്ന് പുറത്തിറങ്ങിയിരുന്ന ‘ഇടിക്കുറ്റി’ എന്ന പത്രം ചില അപവാദ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് വെറും കെട്ടുകഥകളാണെന്ന് വീരേന്ദ്രകുമാറിന് വ്യക്തമായിരുന്നു. എന്നാല്‍ ഈ കള്ളപ്രചാരണം ശ്രേയാംസിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കുമെന്ന വ്യാകുലത പിതാവ് എന്ന നിലയില്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. മകനെതിരെ പ്രചരിക്കുന്നത് നൂറുശതമാനം കെട്ടിച്ചമഞ്ഞ കഥയാണെന്ന് എന്നോടു പറഞ്ഞു. ഇതിന് പിന്നില്‍ ആരാണ്? എന്താണ് അവരുടെ ലക്ഷ്യം? തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.
ഈ കെട്ടുകഥകളുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ എന്താണെന്ന് കണ്ടെത്തുമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു. ആരാണ് ഇതിനുപിന്നില്‍, എന്താണ് അവരുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് രേഖാമൂലം തരാമെന്നും ഞാന്‍ വാക്കുകൊടുത്തു.
ഹൈക്കോടതി ജഡ്ജിയുടെ അടുത്ത ബന്ധു കൂടിയായിരുന്നു ‘ഇടിക്കുറ്റി’ പത്രത്തിന്റെ എഡിറ്റര്‍ രാധാകൃഷണന്‍ തോട്ടുങ്കല്‍.
രാധാകൃഷ്ണന്‍ തോട്ടുങ്കലിനെ ഞാന്‍ സമീപിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തു.
മാതൃഭൂമിയിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജഗോപാല്‍ കെട്ടിച്ചമച്ച് എഴുതിയുണ്ടാക്കി പണം കൊടുത്ത് ഇടിക്കുറ്റിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് രാധാകൃഷണന്‍ തോട്ടുങ്കല്‍ പറഞ്ഞു. തനിക്ക് ഇതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിനെ മാനസികമായി തകര്‍ക്കുകയും ശ്രേയാംസ്‌കുമാറിനെ മാതൃഭൂമിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു രാജഗോപാലിന്റെ ലക്ഷ്യമെന്നും രാധാകൃഷണന്‍ തോട്ടുങ്കല്‍ വ്യക്തമാക്കി. രാജഗോപാല്‍ നല്‍കിയ പണത്തിന്റെ റെക്കോഡും മറ്റു വിവരങ്ങളും അദ്ദേഹം എനിക്ക് കൈമാറി.
തുടര്‍ന്ന് ഈ വാര്‍ത്തയെ സംബന്ധിച്ച് ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ തെളിവുകള്‍ സഹിതം വീരേന്ദ്രകുമാറിന് കൈമാറുകയും ചെയ്തു.
എന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനായ അദ്ദേഹം വികാരാധീതനായി എന്നോടു പറഞ്ഞു, ‘ഞാന്‍ എപ്പോഴും നന്ദകുമാറിനോടൊപ്പം ഉണ്ടാകും.’ ആ വാക്കുകള്‍ അദ്ദേഹം പാലിക്കുകയും ചെയ്തു.
എസ്എന്‍സി ലാവ്‌ലിന്‍ അന്വേഷണ റിപ്പോര്‍ട്ട് രേഖകള്‍ സഹിതം ക്രൈം പ്രസിദ്ധീകരിച്ചപ്പോള്‍ ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് റിയാസ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ‘ക്രൈം’ ഓഫീസില്‍ ബലമായി കടന്ന് രേഖകളും മറ്റും കൈക്കലാക്കുകയും ഓഫീസ് അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ആദ്യം ഓടിയെത്തിയതും ഊര്‍ജം പകര്‍ന്നുനല്‍കിയതും വീരേന്ദ്രകുമാറായിരുന്നു. മാത്രമല്ല ഈ വിഷയത്തില്‍ ശക്തമായി അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തു.
ഞാനും വീരേന്ദ്രകുമാറും തമ്മിലുള്ള ബന്ധം അങ്ങനെ വളര്‍ന്നു പന്തലിച്ചു. എന്നും സദ്ചിന്തകളും ഊര്‍ജവും പകര്‍ന്നുതരുന്ന ഗുരുഭൂതനായിരുന്നു അദ്ദേഹം.
കോഴിക്കോട് പാര്‍ലമെന്റില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ട തൊട്ടടുത്ത ദിവസമായിരുന്നു ‘ക്രൈം’ ഓഫീസ് അഗ്‌നിക്കിരയാക്കിയത്, 2005 ഫെബ്രുവരി രണ്ടിന്. ഈ സംഭവത്തില്‍ പേരില്‍ എല്‍ഡിഎഫുമായി അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടര്‍ന്ന് ജനതാദള്‍ ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. തന്മൂലം എന്നെയും വീരേന്ദ്രകുമാറിനെയും പരിഹസിക്കുന്ന പല കഥകളും കാര്‍ട്ടൂണുകളും ദേശാഭിമാനിയില്‍ അക്കാലത്ത് വന്നു.
വീരേന്ദ്രകുമാര്‍ എന്നോടുപറഞ്ഞ വാക്ക് പാലിച്ചു. താല്‍ക്കാലിക ലാഭത്തിനുവേണ്ടി ചാഞ്ചാടുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. എനിക്കുവേണ്ടി അദ്ദേഹം ഒന്നും പറഞ്ഞില്ല. ഓഫീസ് അക്രമത്തില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന് അതിന് കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. എല്‍ഡിഎഫുമായി വര്‍ഷങ്ങളായി നിലനിന്നിരുന്ന കൂട്ടുകെട്ടായിരുന്നു ഇതുമൂലം തകര്‍ന്നത്. എന്നിട്ടും പറഞ്ഞ വാക്കുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. അസാധാരണ വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം എന്ന് ഇത് തെളിയിച്ചു.
‘ക്രൈം’ പുറത്തുകൊണ്ടുവന്ന എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് കേരള ചരിത്രത്തില്‍ ഒരിക്കലും മായാത്ത ഒരു സംഭവമായി മാറി.
എന്റെ സഹോദരങ്ങളുടെ വിവാഹച്ചടങ്ങിലും വീരേന്ദ്രകുമാര്‍ നിറസാന്നിദ്ധ്യമുണ്ടായിരുന്നു. എന്റെ അമ്മ മരിച്ചപ്പോഴും അദ്ദേഹം എത്തി ഞങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. സുഖത്തിലും ദുഃഖത്തിലും അദ്ദേഹം എന്നും എനിക്ക് ഒരു താങ്ങും തണലുമായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവേളയില്‍ എന്റെ കൈക്കുപിടിച്ചുകൊണ്ടു പറഞ്ഞു, ‘എനിക്ക് സമയമായി, ഇനി അധികകാലം ഉണ്ടായില്ല. നന്ദകുമാര്‍ ധീരനാണ്. പോരാടണം, ഇനിയും ഒരുപാടുദൂരം മുന്നേറണം.’
പക്ഷേ, ഇത്ര പെട്ടെന്ന് അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചിരുന്നില്ല.
ഈ മഹാത്മാവിന്റെ പാദങ്ങളില്‍ എന്റെയും ക്രൈം കുടുംബത്തിന്റെയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളട്ടെ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാനും സഹപ്രവര്‍ത്തകരും പങ്കുചേരുന്നു.