ഇടുക്കി ആനച്ചാലില്‍ ആറ് വയസ്സുകാരന്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടു

ഇടുക്കി: ആനച്ചാലില്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമം. ആറ് വയസ്സുകാരന്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടു. ആമക്കുളം റിയാസ് മന്‍സിലില്‍ റിയാസിന്‍്റെ മകനായ ഫത്താഹാണ് മരിച്ചത്.ഫത്താഹിന്‍്റെ മാതാവ് സഫിയയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തില്‍ പരിക്കേറ്റു.

സഫിയയുടെ സഹോദരിയുടെ ഭ‍ര്‍ത്താവായ ഷാജഹാനാണ് അക്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.കുടുംബവഴക്കിനെ തുട‍ര്‍ന്ന് ഷാജഹാന്‍്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ചിന്തയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുമ്ബെട്ടതെന്നാണ് സൂചന.

ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാന്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു.അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകള്‍ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോള്‍ ആണ് സംഭവം പരിസരവാസികള്‍ അറിയുന്നത്. ഇതിനിടെ തൊട്ടടുത്തെ വീട്ടില്‍ താമസിക്കുന്ന സഫിയയുടെ മാതാവിനേയും ഷാജഹാന്‍ ആക്രമിച്ചു. അപ്പോഴേക്കും സഫിയയുടെ മകളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും മുങ്ങി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.