റിപ്പോർട്ടർ ടിവിക്കെതിരെ പോലീസ് സ്വന്തനിലയിൽ കേസെടുത്തത് നിയമവിരുദ്ധം, താൽപര്യങ്ങൾ അന്വേഷിക്കണം

തൃശൂർ: റിപ്പോർട്ടർ ടി.വി യിലെ വാർത്തകളുടെ പേരിൽ ചീഫ് എഡിറ്റർ എം.വി.നികേഷ് കുമാറിനേയും സഹപ്രവർത്തകരേയും പ്രതിയാക്കി കൊച്ചി സൈബർ സെല്ലിലെ സബ് ഇൻസ്പെക്ടർ സ്വയം പരാതിക്കാരനായി കേസെടുത്ത നടപടി നിയമവിരുദ്ധമാണെന്നും എഫ്. ഐ.ആർ റദ്ദു ചെയ്ത് ഈ അമിതാവേശത്തിനു പിന്നിലെ താൽപര്യങ്ങൾ അന്വേഷിണക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി. രാജൻ മുഖ്യമന്ത്രി , ഗവർണർ , ഡി. ജി.പി. എന്നിവർക്ക് പരാതി നൽകി.

പരാതിയുടെ പൂർണരൂപം ഇങ്ങനെ

കൊച്ചിയിലെ റിപ്പോർട്ടർ ടിവിയുടെ ചീഫ് എഡിറ്റർ ശ്രീ എം വി നികേഷ് കുമാറിനും സഹപ്രവർത്തകർക്കും എതിരെ കൊച്ചി സൈബർ സെല്ലിലെ സബ്ഇൻസ്പെക്ടർ സ്വയം പ്രേരിതനായി കേസ് എടുത്തിരിക്കുകയാണ്. കോടതി നിർദ്ദേശമോ ആരുടെയെങ്കിലും പരാതിയോ ഇല്ലാതെ ആരംഭിച്ചിരിക്കുന്ന നടപടികളും അമിത ഉത്സാഹവും സംശയകരവും നിയമ വിരുദ്ധവുമാണ്. ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനത്തിൽ പോലീസ് ഇടപെടേണ്ട യാതൊരു സാഹചര്യവും രാജ്യത്തില്ല . അത്തരം ഇടപെടലിന് ഭരണഘടനയും നിയമവും അനുവദിക്കുന്നുമില്ല.

കോവിഡ് ബോധവൽക്കരണ മടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ പോലീസിനും സർക്കാരിനും പോലും കഴിയാത്ത ദൗത്യങ്ങൾ മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആണ് യാതൊരു വിവേകവും ഇല്ലാത്ത നടപടി പോലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി വണ്ടിയിൽ വച്ച് മാനഭംഗപ്പെടുത്തുകയും അത് ചിത്രീകരിക്കുകയും ചെയ്ത ഹീനകൃത്യമാണ് പശ്ചാത്തലം. ഈ കേസിൽ പുതിയ ചില തെളിവുകളും വെളിപ്പെടുത്തലുകളും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആലോചന നടത്തിയ തെളിവുകളും ഇതിൽ ഉണ്ടായിരുന്നു. ഇതടക്കമുള്ള പുതിയ സംഭവവികാസങ്ങൾ റിപ്പോർട്ടർ ചാനലിൻറെ വാർത്തയുടെയും ചർച്ചകളുടെയും ഉള്ളടക്കമായി.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആലോചന ഉണ്ടായി എന്നും ആ സാഹചര്യം നിലനിൽക്കുന്നു എന്നും ഓഡിയോ തെളിവുകൾ സഹിതം റിപ്പോർട്ടർ ചാനൽ പുറത്തുകൊണ്ടുവന്ന വാർത്തയിലൂടെയാണ് ജനം അറിഞ്ഞത്. സമൂഹത്തിൻറെ പിന്തുണയും അനുഭാവവും കേരള പോലീസിന് കൂടുതൽ ലഭിക്കാൻ ഇതുമൂലം ഇടയുണ്ടായിട്ടുണ്ട്. ഇതിൽ നന്ദി രേഖപ്പെടുത്തുന്നതിനുപകരം നന്ദികേടാണ് ഉണ്ടായിരിക്കുന്നത്.

കൊച്ചി സൈബർ സെല്ലിലെ സബ് ഇൻസ്പെക്ടറുടെ സ്വയം പ്രേരിത നടപടി നിയമവിരുദ്ധവും അതിനാൽതന്നെ കുറ്റകരവുമാണ്. ഈ എഫ്ഐആർ റദ്ദ് ചെയ്യണമെന്നും ഇത്തരമൊരു ഇടപെടലിന് പിന്നിലുള്ള താൽപര്യങ്ങൾ അന്വേഷിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡി ജി. പിയോട് മുഖ്യമന്ത്രിയുടെ ആഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.