ദില്ലി: ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ചൈനീസ് സൈന്യം തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇക്കാര്യം ചൈനയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നമ്മുടെ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും അതിനെ വെല്ലുവിളിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താന്‍ തയ്യാറാണെന്നും സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവഹാനിയോ ഗുരുതരമായ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലാണ് സംഘര്‍ഷമുണ്ടായത്. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണരേഖ ലക്ഷ്യമാക്കി സമീപിച്ചപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ പ്രതിരോധിക്കുകയായിരുന്നു.കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ല്‍ ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഇതാദ്യമായാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും മൂന്ന് സൈനിക മേധാവികളും പങ്കെടുത്തിരുന്നു.
