ദുബായ്/ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ് ഗള്‍ഫ് രാജ്യങ്ങള്‍. പ്രത്യേകിച്ച് സൗദി അറേബ്യയും യുഎഇയും. ഇന്ത്യ ഈ രാജ്യങ്ങളില്‍ നിന്ന് എണ്ണയും മറ്റു പ്രകൃതി വിഭവങ്ങളും ഇറക്കുമതി ചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കളടക്കം ഇന്ത്യ ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നു. എണ്ണ അവശ്യ വസ്തുവായതു കൊണ്ടുതന്നെ ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി മാസങ്ങള്‍ മുമ്പ് വരെ വന്‍തോതിലായിരുന്നു.
എന്നാല്‍ സമീപ കാലത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചു. എണ്ണയ്ക്ക് വേണ്ടി മറ്റു വിപണികളെയും ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യ പുതിയ നീക്കം നടത്തുന്നു. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇടപാടില്‍ ഡോളര്‍ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..
നിലവില്‍ ഇന്ത്യ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം നടത്തുന്നത് ഡോളറിലാണ്. ലോകത്തെ മിക്ക രാജ്യങ്ങളുടെയും ഇടപാടുകള്‍ ഡോളറില്‍ തന്നെ. ഡോളര്‍ ആഗോള കറന്‍സിയായി കരുതുന്നത് കൊണ്ടാണിത്. എന്നാല്‍ അമേരിക്കയുമായി കൊമ്പു കോര്‍ക്കുന്ന ചൈന അടുത്തിടെ അവരുടെ സ്വന്തം കറന്‍സിയായ യുവാനില്‍ വ്യാപാരം തുടങ്ങി. ഇതാകട്ടെ, ചൈനയ്ക്ക് നേട്ടവുമായിരുന്നു.ചൈന നടത്തിയ അതേ നീക്കം ഇന്ത്യയും ആരംഭിക്കുകയാണ്. റഷ്യയുമായി രൂപയില്‍ ഇടപാട് നടത്താന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന് സഹായകമാകുന്ന വോസ്‌ട്രോ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ അഞ്ച് ബാങ്കുകള്‍ക്ക് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കി. ഇതേ രീതിയില്‍ യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായും ഇടപാട് നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ച് ഇന്ത്യന്‍ ബാങ്കുകള്‍ക്കും രണ്ട് റഷ്യന്‍ ബാങ്കുകള്‍ക്കുമാണ് വോസ്‌ട്രോ അക്കൗണ്ട് തുടങ്ങാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരിക്കുന്നത്. എച്ച്ഡിഎഫ്‌സി, കാനറ ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും ഒടുവില്‍ അനുമതി നല്‍കിയത്. കൂടാതെ യുസിഒ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്‍ഡസ്ഇന്റ് ബാങ്ക് എന്നിവയ്ക്കും അനുമതി നല്‍തിയിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള എസ്ബിര്‍ ബാങ്ക്, വിടിബി എന്നിവയ്ക്കും അനുമതി നല്‍കി കഴിഞ്ഞു.വിദേശ രാജ്യങ്ങളുമായുള്ള ഇടപാട് സ്വന്തം നാണയത്തില്‍ നടത്തുന്നത് എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. പ്രധാന ബാങ്കിന് വേണ്ടി മറ്റൊരു ബാങ്ക് എടുക്കുന്നതാണിത്. വിദേശ രാജ്യങ്ങളുമായി രൂപയില്‍ തന്നെ ഇടപാട് നടത്താന്‍ ആര്‍ബിഐ കഴിഞ്ഞ ജൂലൈയില്‍ അനുമതി നല്‍കിയിരുന്നു. ആഗോള വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടമാകുന്നതാണിത്.
ഇന്ത്യയും യുഎഇയും ഇരുരാജ്യങ്ങളുടെയും സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. യുഎഇ വിദേശകാര്യ മന്ത്രി ഡല്‍ഹിയിലെത്തിയ വേളയിലും ഈ ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നു. ഇന്ത്യയുടെ വ്യാപര കയറ്റുമതി വന്‍തോതില്‍ വര്‍ധിക്കാന്‍ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.ഡോളറില്‍ ഇടപാട് നടത്തുമ്പോള്‍ മൂല്യത്തിലുള്ള മാറ്റം വലിയ തോതില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ വെല്ലുവിളി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ സൗദി അറേബ്യയും യുഎഇയും അനുമതി നല്‍കേണ്ടതുണ്ട്. റഷ്യയുമായി രൂപയില്‍ ഇടപാട് നടത്താന്‍ ധാരണയായിരുന്നു. സമാന നീക്കം ഗള്‍ഫ് രാജ്യങ്ങളുമായി സാധ്യമായാല്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരം ഒരുങ്ങും.
അതേസമയം, ഇന്ത്യയും യുഎഇയും ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചു. യുഎഇ മന്ത്രി ശൈഖ് അബ്ദുല്ല വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഈ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 8800 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ യുഎഇയുടെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അബുദാബിയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കാന്‍ യുഎഇ അനുമതി നല്‍കിയത് ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിയതിന്റെ സൂചനയാണ്.
