ഇ – ഹെല്‍ത്ത് ആരോഗ്യ മേഖലയിലെ നൂതന മുന്നേറ്റം

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഇ-ഹെല്‍ത്ത്. ജീവിതശൈലി രോഗങ്ങള്‍ക്കും ആധുനിക രോഗങ്ങള്‍ക്കുമെതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജസ്വലവും സന്തോഷകരവുമായ ആരോഗ്യം നല്‍കുന്നതിനാണ്
ഇ – ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ 1,46,25,963 പേരാണ് ഇ – ഹെല്‍ത്ത് സംവിധാനം ഉപയോഗപ്പെടുത്തിയത്.

ഇ – ഹെല്‍ത്ത് പദ്ധതി നിലവില്‍ സംസ്ഥാനത്ത് 346 ആശുപത്രികളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾ ഈ സംവിധാനത്തിലേക്ക് സജ്ജമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇവയിൽ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുണ്ടെങ്കില്‍ അവരുടെ ചികിത്സാരീതികള്‍ എല്ലാം ഇ – ഹെല്‍ത്ത് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. വണ്‍ സിറ്റിസണ്‍ വണ്‍ ഹെല്‍ത്ത് റെക്കോര്‍ഡ് നിലവിലുളളതിനാല്‍ അസുഖബാധിതര്‍ എല്ലായ്പ്പോഴും അവരുടെ ചികിത്സാരേഖകള്‍ കയ്യില്‍ കൊണ്ട് നടക്കേണ്ടതില്ല. സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ആശുപത്രിയിലും എപ്പോള്‍ വേണമെങ്കിലും ചികിത്സക്കായി സമീപിക്കാവുന്നതാണ് എന്നതാണ്
ഇ – ഹെല്‍ത്തിന്റെ വലിയ പ്രാധാന്യം.

ഡോക്ടറെ കാണാന്‍ വരി നില്‍ക്കാതെ ഓണ്‍ലൈനായി സമയം മുന്‍കൂട്ടി എടുക്കാനുളള സൗകര്യം നിരവധി രോഗികൾ ദിനംപ്രതി ഉപയോഗിക്കുന്നുണ്ട്.

കോവിഡ് പോലെയുളള മഹാമാരിക്കാലത്ത് ചികിത്സക്കായി ഓണ്‍ലൈന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയവര്‍ നിരവധിയാണ്. ഓണ്‍ലൈനായി ഡോക്ടറെ കാണാനുളള സമയം എടുക്കാം, ഡോക്ടറെ വീട്ടിലിരുന്ന് കാണാം, രോഗവിവരങ്ങൾ പറയാം, പരിശോധനാരേഖകള്‍ ഡോക്ടര്‍ക്ക് കാണുന്നതിനായി സൈറ്റില്‍ അപ് ലോഡ് ചെയ്യാം, കുറിപ്പടി ഓണ്‍ലൈനായി ലഭിക്കുകയും ചെയ്യും. ഫോണില്‍ ഡോക്ടറെ വിളിച്ച് ആരോഗ്യപ്രശ്‌നത്തിന് പരിഹാരം കാണുന്ന ടെലിമെഡിസിന്‍ സംവിധാനവും കോവിഡ് കാലത്ത് വലിയ പ്രചാരം നേടിയ സംവിധാനമാണ്.

ഇ – ഹെല്‍ത്തുമായി ബന്ധപ്പെട്ട ഓരോ നടപടികളും അതിന്റെ ഫലങ്ങളും ehealth.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിവരസാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിച്ച് പൗരന് ഒരു ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന നിലയിലേക്ക് മുന്നേറുന്നതിൽ സുപ്രധാന ചുവടുവെപ്പാണ്
ഇ-ഹെൽത്ത് പദ്ധതി.
ആരോഗ്യവകുപ്പ് പറയുന്നു.