ഇന്ത്യൻ സിനിമയ്ക്കിനി ഇർഫാൻ ഖാനില്ല

ഇന്ത്യൻ സിനിമയ്ക്ക് ആരായിരുന്നു ഇർഫാൻ ഖാൻ എന്നതിനേക്കാൾ ഇർഫാൻ ഖാൻ ഇല്ലാത്ത ഇന്ത്യൻസിനിമ ഇനിയങ്ങോട്ട്? എന്ത്? എങ്ങനെ? എന്നു ചോദിക്കുന്നതാണ് ഉചിതം.

സ്വാഭാവിക അഭിനയത്തിന്റെ പത്തരമാറ്റ് കൊണ്ട് ദേശാന്തരവും ഭാഷാന്തരവും കടന്ന ഇന്ത്യയുടെ ‘കംപ്ലീറ്റ് ആക്ടർ’ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ ബാക്കിയാകുന്നത് ഈ ചോദ്യങ്ങൾ തന്നെ. ഗോഡ്ഫാദറുകളില്ലാതെ കടന്നുവന്ന് ബോളിവുഡ് സിനിമാലോകത്ത് വെന്നിക്കൊടി പാറിക്കുകയെന്നത് അസാദ്ധ്യമെന്ന ചൊല്ലിനെ പൊളിച്ചെഴുതിക്കാണിച്ചു ജീവിച്ച നടനവൈഭവം. സിക്സ്പായ്ക്കും മസിൽപവറും ആണത്തസൗന്ദര്യത്തിന്റെ പതിവുഫോർമാറ്റുകളുമില്ലാതെ, കണ്ണുകൾ കൊണ്ട് അഭിനയവിസ്മയം തീർത്ത ഇർഫാൻ ഖാൻ തന്റെ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇരിപ്പിടം നേടിയത്. സൗമ്യമായ പെരുമാറ്റവും ലാളിത്യവും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലെ അറിവും നിലപാടുകളും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നു .

ഇർഫാൻ ഖാനെന്ന അതുല്യനടന്റെ അകാലവിയോഗം അഭിനയകലയിലെ പകരം വയ്ക്കാനാവാത്ത ഒരേടാകുന്നത് മികച്ച അഭിനേതാവും തിളങ്ങുന്ന താരവും ഒരാളിൽത്തന്നെ സന്നിവേശിക്കുക അപൂർവ്വമായതിനാലാണ്.

‘സ്റ്റാർഡം’ എന്നത് തലയ്ക്കു പിടിക്കാത്ത, വിരലിലെണ്ണാവുന്ന താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. സെൽഫ് പ്രൊമോഷനുകളിൽ നിന്നും എന്നും അകലം പാലിച്ചിരുന്ന, എന്നാൽ വാണിജ്യസിനിമകളുടെ നെടുംതൂണായ ഒരാൾ. അന്താരാഷ്ട്ര സിനിമകളിലെ ഇന്ത്യൻ മുഖമായിരുന്ന അദ്ദേഹം ‘ദി വാരിയര്‍’, ‘നെയിം സേക്ക്’, ‘സ്ലം ഡോഗ് മില്യനര്‍’, ‘ന്യൂയോര്‍ക്ക്’, ‘ജുറാസിക് വേള്‍ഡ്’, ‘ലൈഫ് ഓഫ് പൈ’ തുടങ്ങിയ ഇംഗ്ലിഷ് ചിത്രങ്ങളിലൂടെ രാജ്യാന്തരതലത്തിലും ശ്രദ്ധേയനായി.

1988-ല്‍ ‘സലാം ബോംബേ’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഉജ്ജ്വലമായ കലാജീവിതമാണ് ലോക്ക്ഡൗണിനിടെ അകാലത്തില്‍ അവസാനിച്ചത്.

എഴുത്തുകാരി: അഞ്ജു പാർവ്വതി പ്രഭീഷ്, ആംഗലേയ അദ്ധ്യാപിക; കോളമിസ്റ്റ്, ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ സീനിയർ സബ് എഡിറ്റർ.

‘പാന്‍സിങ് തോമര്‍’ എന്ന ചിത്രത്തിലൂടെ 2012-ല്‍  രാജ്യത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടി. അദ്ദേഹത്തിന്റെ സിനിമകളിൽ വച്ചേറ്റവും ഇഷ്ടമായത് ‘ലഞ്ച് ബോക്സ്’ ആണ്.
നായിക ഭര്‍ത്താവിന് കൊടുത്തുവിടുന്ന ലഞ്ച് ബോക്സ്‌ യാദൃശ്ചികമായി വിഭാര്യനും, തന്‍റെ ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള എകാകിയുമായ സാജന്‍ ഫെര്‍ണാണ്ടസിന് ലഭിക്കുന്നതും, പിന്നീട് ഡബ്ബ വഴിയുള്ള കത്തുകളില്‍ക്കൂടി അവര്‍ തമ്മില്‍ ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന കഥ മനോഹരമായി ദൃശ്യാവിഷ്ക്കാരം നടത്തുന്ന സിനിമ. സാജൻ ഫെർണാണ്ടസായി ഇർഫാൻ ഖാന്റെ പകർന്നാട്ടം അവിസ്മരണീയം! പിന്നെയുമെത്രയോ ഹോളിവുഡ്, ബോളിവുഡ് സിനിമകൾ; അതിലൊക്കെയും ഇർഫാൻ ഖാനെന്ന മികച്ച അഭിനേതാവിന്റെ കയ്യൊപ്പ് ഇട്ട കഥാപാത്രങ്ങൾ!

ഇപ്പോഴിതാ ചമയങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് ഒറ്റയ്ക്ക് ഒരു യാത്ര! ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ അഭിനയപ്രതിഭയ്ക്ക് നമുക്കായി നൽകാനുണ്ടായിരുന്നു. ഇന്ത്യൻ സിനിമയ്ക്കു വേണ്ടി ഇനിയും ഒരുപാട് ദൂരം അദ്ദേഹത്തിനു സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ…. !
അഭിനയത്തികവിന്റെ ഏകാന്തമുഖം
ഇനിയില്ലെന്ന യാഥാർത്ഥ്യത്തെ വേദനയോടെ ഉൾക്കൊണ്ടുക്കൊണ്ട് പ്രിയ നടന് കണ്ണുനീർ പ്രണാമം.