അഭയ കേസിലെ പ്രതികളുടെ പരോൾ സുപ്രീംക്കോടതി ഉത്തരവിന്റെ പേരിലാണെന്ന് പറഞ്ഞത് വ്യാജം

CRIME FEATURE KERALA

സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിയ്ക്കും, കോവിഡ് രണ്ടാം തരംഗത്തിന്റെ മറവിൽ സുപ്രീംക്കോടതി ഉത്തരവുണ്ടെന്ന വ്യാജേനയാണ് 90 ദിവസം പരോൾ നൽകിയത്.
സുപ്രീംക്കോടതി ഉത്തരവിൽ, ഏഴ് വർഷത്തിൽ താഴെ ശിക്ഷ അനുഭവിച്ചവർക്ക് മാത്രമാണ് പരോൾ അനുവദിച്ചിട്ടുള്ളു എന്നിരിക്കെ, ഇരട്ടജീവപര്യന്തവും ജീവപര്യന്തവും ശിക്ഷിച്ച പ്രതികൾക്ക് കോവിഡിന്റെ മറവിൽ പരോൾ നൽകിയത്.

 

സുപ്രീംക്കോടതി ഉത്തരവിൽ, ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്ക് പരോൾ നൽകണമെന്ന് ഒരിടത്തും വ്യക്തമാക്കാത്ത സാഹചര്യം നിലനിൽക്കെ, അത്തരത്തിൽ ഒരു ഉത്തരവുണ്ടെന്ന വ്യാജേന പരോൾ അനുവദിച്ചതിനെതിരെ പരാതി നൽകും.

2021 മെയ്‌ 7 ന് വെള്ളിയാഴ്ച ഇറങ്ങിയ സുപ്രീംക്കോടതി ഇടക്കാല ഉത്തരവിൽ, ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചവർക്കാണ് പരോൾ അനുവദിക്കാൻ സുപ്രീംക്കോടതി വ്യക്തമാക്കുന്നത്. പരോൾ അനുവദിക്കാൻ ഇടയായ, സുപ്രീംക്കോടതി ഇടക്കാല ഉത്തരവ് ഇറങ്ങിയത് 2021 മെയ്‌ 7 നാണ്. ഉത്തരവ് ഇറങ്ങിയതിന്റെ പിറ്റേന്ന്, മെയ്‌ 8 രണ്ടാം ശനിയാഴ്ചയും, മെയ്‌ 9 ഞായറാഴ്ചയും ഒപ്പം ഈ രണ്ട് ദിവസങ്ങൾ സർക്കാർ അവധി ദിവസം ആയിരുന്നിട്ടുപോലും നിമിഷനേരം കൊണ്ട്, മെയ്‌ 9 ഞായറാഴ്ച 2 മണിയ്ക്ക് ജയിൽ ഹൈപവർ കമ്മിറ്റി കൂടി, പ്രതികൾക്ക് പരോൾ അനുവദിക്കാൻ അന്ന് തന്നെ ജയിൽ ഡി.ജി.പി ഉത്തരവ് ഇറക്കിയിരുന്നു. അതിൻ പ്രകാരം, മെയ്‌ 11 അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പരോൾ നൽകി പുറത്തിറക്കി.
മൂന്നാം പ്രതി സിസ്റ്റർ സെഫിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മെയ്‌ 12 ന്, പരോൾ നൽകി പുറത്തിറക്കി.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ട് പ്രതികൾക്ക് 2020 ഡിസംബർ 23ന്, കോട്ടൂരിന് ഇരട്ടജീവപര്യന്തവും കഠിനതടവിനും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവിനും തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷ വിധിച്ച്, അഞ്ച് മാസം പോലും തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ്, രണ്ടുപേർക്കും പരോൾ അനുവദിച്ച് പുറത്ത് പോയത്.

അതേസമയം, ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജി, കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ അഞ്ച് പ്രാവശ്യവും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ജാമ്യം നൽകാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വേണ്ടി, ഏതെങ്കിലും കോടതിയിൽ ഹർജി പെൻഡിങ് ഉണ്ടെങ്കിൽ പരോൾ അനുവദിക്കാൻ പാടില്ല, എന്നുള്ള പൊതുമാനദണ്ഡം പോലും അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചപ്പോൾ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്.

READ ALSO  ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാo; കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി

ഒന്നാം കോവിഡ് തരംഗത്തിനിടയിലും രണ്ടാം കോവിഡ് തരംഗത്തിനിടയിലും, കേരളത്തിലെ ഒരു ജയിലിലും ഒരു തടവുപുള്ളിയും കോവിഡ് വന്ന് മരിച്ചിട്ടില്ലെന്നിരിക്കെ, ജയിലിൽ കൊറോണ വ്യാപനം ഉണ്ടാകുമെന്ന് ഭയന്ന്, കേരളത്തിലെ ജയിലുകളിലുള്ള 1500 തടവുകാരെ പുറത്ത് വിട്ടതിലൂടെ, അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുരുപയോഗവും ഉണ്ടെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം, പുറത്തേക്കാൾ സുരക്ഷിതം ജയിലിലാണെന്ന വസ്തുത മറച്ചുവെച്ച് കൊണ്ട്, 1500 ജയിൽ തടവുകാർക്ക് പരോൾ അനുവദിച്ച് പുറത്തിറക്കി വിട്ടിരിക്കുന്നത്, സമൂഹത്തിനാകെ ഭീഷണി ആയിരിക്കുകയാണ്.

READ ALSO  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ധൂര്‍ത്ത്‌ ; മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നു

ലേഖകൻ
ജോമോൻ പുത്തൻ പുരയ്ക്കൽ
കൺവീനർ അഭയ കേസ് ആക്ഷൻ കൗൺസിൽ.

img