ജില്ലാ പഞ്ചായത്ത് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു.

ആലപ്പുഴ: കോവിഡുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെ‍ന്‍ഡര്‍ പാര്‍ക്കില്‍ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഈ ഹെൽപ് ഡെസ്ക് പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് പറഞ്ഞു.

ആരോഗ്യ വകുപ്പിലെ മൂന്നു വിഭാഗങ്ങളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ടെലി മെഡിസിൻ, ടെലി കൗൺസലിംഗ്, ആംബുലൻസ് സേവനം തുടങ്ങിയവ ലഭ്യമാക്കും. കുടുംബശ്രീ കൗൺസലർമാരും സാക്ഷരതാ പ്രേരകുമാരും ഹെൽപ് ഡസ്കിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ആര്‍.ആര്‍.ടികളും ആശാവര്‍ക്കര്‍മാരും നിലവില്‍ പ്രാദേശിക തലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളില്‍ ജില്ലാ പഞ്ചായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും. കോവിഡ് ബാധിതരാകുന്ന കിടപ്പു രോഗികള്‍ക്ക് പാലിയേറ്റീവ് ചികിത്സാ വിഭാഗത്തിന്റെയും എന്‍.എച്ച്.എമ്മിന്റെയും സഹകരണത്തോടെ പരിചരണം ലഭ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ടി.എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, പി. അഞ്ജു, ഗീതാ ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

9496576569, 9495605769, 9495770569 എന്നീ നമ്പരുകളില്‍ ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെടാം.