നോട്ടുനിരോധനത്തില്‍ സുപ്രീംകോടതി വിധി ഇന്ന്; രണ്ട് വിധിന്യായങ്ങള്‍ക്ക് സാധ്യത

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇത് സംബന്ധിച്ച 58 ഹര്‍ജികളില്‍ ആണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുക. ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ 4 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിധി പ്രഖ്യാപനം പെട്ടെന്ന് വരുന്നത്. ഹര്‍ജികളില്‍ രണ്ട് വിധിന്യായങ്ങളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ സുപ്രീംകോടതി നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയായാണു ഫയലുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. അതേസമയം നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടു മാത്രം കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാവര്‍ത്തികമാക്കിയ നോട്ടുനിരോധനം ഇപ്പോള്‍ കോടതി പരിശോധിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയത്.