കാലൊടിഞ്ഞ കുട്ടിയുടേത് അഭിനയമെന്ന് അധിക്ഷേപം; അധ്യാപിക രണ്ടാം നിലയില്‍നിന്ന് നടത്തിച്ചെന്ന് പരാതി……

കാക്കനാട്: ക്ലാസ്റൂമിൽ കളിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ മൂന്നാംക്ലാസുകാരനെ അധ്യാപിക നിർബന്ധിച്ച് താഴേക്ക് നടത്തിച്ചതായി പരാതി. ഇടതു കാലിന്റെ എല്ലുകൾ  മൂന്നിടത്ത് പൊട്ടിയ കുഞ്ഞിനെ പിന്നീട് വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. കാലിൽ പ്ലാസ്റ്റർ ഇട്ട കുട്ടിക്ക് ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ഭാഗത്തു താമസിക്കുന്ന വീട്ടമ്മയായ സംഗീതയുടെ പരാതിയിൽ ജില്ലാ കളക്ടർ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന എട്ടുവയസ്സുകാരനാണ് ചികിത്സയിൽ കഴിയുന്നത്. 16-ന് ടീച്ചർ ഇല്ലാത്ത സമയത്ത് ക്ലാസിൽ ഓടി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്. കരച്ചിൽ കേട്ട് വന്ന ക്ലാസ് ടീച്ചർ പ്രാഥമിക ചികിത്സ പോലും നൽകാൻ തയ്യാറായില്ല. കുട്ടിയുടേത് അഭിനയമാണെന്ന് അധിക്ഷേപിക്കുകയും നിർബന്ധിച്ച് നിർബന്ധിച്ച് താഴത്തെ നിലയിലേക്ക് നടത്തിക്കുകയും ചെയ്തെന്ന് അമ്മയുടെ പരാതിയിലുണ്ട്.അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല. വാൻ ഡ്രൈവറാണ് വിവരം അറിയിച്ചത്. കാലിന് നീരുവെച്ച നിലയിലായിരുന്നു.

ആശുപത്രിയിലെത്തിച്ച് എക്‌സ്റേ എടുത്തപ്പോഴാണ് എല്ലുകൾ മൂന്നിടത്ത് പൊട്ടിയത് കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകൾക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തെന്നും പരാതിയിലുണ്ട്. പരിക്കേറ്റ കുട്ടിയുടെ അഭിനയമാണെന്ന് പറഞ്ഞ് അധ്യാപകർ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പരാതിയിൽ പറയുന്നു.