കാസര്‍കോടിനു വേണം സുസജ്ജമായൊരു ചികിത്സാകേന്ദ്രം

കോവിഡ് 19 വൈറസ് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയ, കേരളത്തിലെ ജില്ല കാസര്‍കോടാണ്. പതിറ്റാണ്ടുകളായി ഇവിടെയുള്ളവർ എൻഡോസൾഫാൻ എന്ന വിഷം പരത്തിയ രോഗത്തിൻ്റെ ഭീകരതയിൽ മനം നൊന്തു കഴിയുന്നു. ഇന്നും പിറന്നുവീഴുന്ന പല ശിശുക്കളും ഇവിടെ ജനിതകരോഗം പേറുന്നവരാണ്.

ഈ പശ്ചാത്തലത്തിൽ കാസര്‍കോട് നിവാസികളുടെ നിരന്തര ആവശ്യമായ മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യമായിട്ടില്ല. മാറിമാറി വന്ന സർക്കാരുകൾ കൂടുതല്‍ ഗൗരവം ഇക്കാര്യത്തിൽ നൽകേണ്ടിയിരുന്നു.

ഉക്കിനഡ്ക്കയിൽ മെഡിക്കല്‍ കോളേജിനായി കെട്ടിടം സജ്ജമായിട്ടും കാലങ്ങളായി. ഇപ്പോള്‍ കൊറോണ ബാധിതർക്കു ചികിത്സയൊരുക്കുന്നതിനായി പ്രദേശത്തെ ഡി.വൈ.എഫ്.ഐക്കാർ കെട്ടിടം വൃത്തിയാക്കിയതായി റിപ്പോർട്ടുകളിൽ കാണുന്നു.

കാസര്‍കോട് ജില്ലയില്‍ ധാരാളം സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയൊക്കെ ഒരർത്ഥത്തിൽ മംഗലാപുരത്തുള്ള വലിയ ആശുപത്രികളുടെ കൈവഴികളായി മാറുന്ന അനുഭവമാണുള്ളത്.

എല്ലാ ആശുപത്രികളിലും ആഴ്ച്ചയിലെ ചില ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റുകളുടെ സേവനമുണ്ടാകും. അതും രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം. പ്രാരംഭപരിശോധനകൾക്കു ശേഷം രോഗികളോട് മംഗലാപുരത്ത്, അവർ സേവനമനുഷ്ഠിക്കുന്ന ആശുപത്രിയിലെത്തി തുടർചികിത്സ തേടാനാവശ്യപ്പെടും. അങ്ങനെ കാസര്‍കോടുകാർക്ക് ചികിത്സയ്ക്കായി മംഗലാപുരത്തുള്ള വലിയ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നു. ദന്തരോഗങ്ങളുടെ കാര്യത്തിൽ പോലും സ്ഥിതിയിതാണ്.

എൻഡോസൾഫാൻ മൂലമുള്ള രോഗം ബാധിച്ച കുഞ്ഞുങ്ങളടക്കമുള്ള രോഗികൾക്ക് ഒരു ന്യൂറോളജിസ്റ്റിൻ്റെ സേവനം അനിവാര്യമാണെന്ന് ഇവിടത്തുകാർ മുറവിളി കൂട്ടിത്തുടങ്ങിയിട്ട് കാലങ്ങളായി. ഇവർക്കുവേണ്ടി പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിൻ്റെ മുന്നിൽ ഒരു വർഷം മുൻപ് നടത്തിയ നിരാഹാരസമരത്തിലെയും ആവശ്യങ്ങളിലൊന്ന് ഇതായിരുന്നു.

പ്രവാസികളുടെ കുടുംബങ്ങൾക്ക് പൂർണ്ണമായ സുരക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ ധാരാളം പ്രവാസികളുണ്ട്. ഒരുപക്ഷേ ജില്ലയുടെ സാമ്പത്തികാവസ്ഥയുടെ ഒരു നിയന്ത്രണഘടകം പ്രവാസികൾ തന്നെയാണ്. എന്നാൽ അവരുടെ കുടുംബങ്ങള്‍ക്ക് ചികിത്സ എന്ന പ്രാഥമികാവശ്യം പോലും നൽകാൻ നമുക്കു കഴിയുന്നില്ല.

ഈ സാഹചര്യത്തിലാണ്, നമ്മുടെ വിഭവശേഷി ഉപയോഗിക്കാത്തതു മൂലം കർണ്ണാടകയിലെ ആശുപത്രിയില്‍ ചികിത്സ തേടി ഒരാൾക്ക് പോകേണ്ടിവരികയും അതിർത്തിയിൽ തടയപ്പെട്ടതിനാൽ വിലപ്പെട്ട ആ മനുഷ്യജീവൻ നമുക്കു നഷ്ടമാവുകയും ചെയ്തത്.

അപ്പോൾ ഈ മരണത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ നാം തന്നെയെന്നു തിരിച്ചറിയേണ്ടിവരും.

ഇനിയെങ്കിലും ഉപേക്ഷ വിചാരിക്കാതെ സുസജ്ജമായൊരു മെഡിക്കല്‍ കോളേജ് കാസര്‍കോടിനായി തുറക്കാം. അത് നമ്മുടെ ഉത്തരവാദിത്തമാണ്.

കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
9496149637