തിരുവനന്തപുരം കോർപറേഷനിലെ വിവാദ നിയമനക്കത്തിൽ സിബിഐ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കും കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൻമേൽ മേയർഉൾപ്പടെയുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഹർജി 25നു പരിഗണിക്കുന്നതിനു മാറ്റിവച്ചു.
മേയറുടെ ഒപ്പും സീലും വച്ച ലെറ്റർപാഡിൽ പുറത്തുവന്ന കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകൾ നികത്താനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യാ രാജേന്ദ്രൻ അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ കത്തിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ചാണ് പരിഗണിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹർജിയിൽ പറയുന്നു. നിരവധി തൊഴിൽരഹിതർ നിയമനങ്ങൾക്കായി കാത്തുനിൽക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ നടന്നെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇതേ ആവശ്യങ്ങളുമായി ഹർജിക്കാരൻ നേരത്തെ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.