പാലിനും മദ്യത്തിനും വില കൂടിയേക്കും, തീരുമാനം ഇന്നറിയാം.. സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിനും പാലിനും വില വര്‍ധിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. മദ്യകമ്പനികള്‍ ബീവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റ് വരവ് നികുതി ഒഴിവാക്കാന്‍ നേരത്തെ തത്വത്തില്‍ ധാരണയായിരുന്നു.

ഇത് മൂലം 175 കോടി രൂപയോളം വരുമാന നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് വന്ന് ചേരുക. അതിനാല്‍ നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിക്കും. ഇതിന് ശേഷമായിരിക്കും മദ്യത്തിനും പാലിനും വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം.

വില വര്‍ധിപ്പിക്കുകയാണെങ്കില്‍ ഒരു ലിറ്റര്‍ പാലിന് 6 രൂപയെങ്കിലും വര്‍ധിച്ചേക്കും. മദ്യത്തിന് പരമാവധി 10 രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. അതേസമയം നേരിയ വിലവര്‍ധന മതി എന്നാണ് സംസ്ഥാന സര്‍ക്കാരിലെ പൊതു അഭിപ്രായം. മദ്യത്തിന്റെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വിലകൂട്ടണോ അതോ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് മാത്രം വില വര്‍ധിപ്പിച്ചാല്‍ മതിയോ എന്നതും പരിശോധിക്കും.സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ പ്രതിപക്ഷം ആശങ്ക ഉന്നയിക്കുന്നതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ നിര്‍ണായകമാണ്. കരാറുകാര്‍ക്ക് പതിനായിരക്കണക്കിന് കോടികള്‍ കുടിശ്ശിക ലഭിക്കാനുണ്ട്. കൂടാതെ ക്ഷേമപെന്‍ഷനും വിതരണം ചെയ്യാനുണ്ട്. ക്രിസ്തുമസ് അടുത്തിരിക്കെ മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് കൊടുക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.

റേഷന്‍ വിതരണത്തിലും വലിയ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയില്‍ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാകും. കമ്മീഷന്‍ പകുതിയാക്കിയതോടെ റേഷന്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഭക്ഷ്യകിറ്റ് നല്‍കിയതില്‍ റേഷന്‍കടക്കാര്‍ക്ക് 50 കോടി രൂപ കുടിശിക നല്‍കാനുണ്ട്.