കായിക രംഗത്ത് കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നു: മുഖ്യമന്ത്രി

KERALA PRD News SPORTS

നാല് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അര്‍ഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോക നിലവാരമുള്ള കളിക്കളങ്ങള്‍ നാടെങ്ങും തയാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനും ഒപ്പം പ്രതിഭയുള്ള കുട്ടികള്‍ക്ക്  കളിച്ച് വളരാനും പൊതുജനങ്ങള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും വിപുലമായ അവസരങ്ങളാണ് ഈ കളിക്കളങ്ങളില്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കായിക രംഗത്ത് വിപുലവും വിശദവുമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഈ പദ്ധതികളില്‍ കളികള്‍ക്കും കളിക്കാര്‍ക്കുമായിരുന്നു പ്രഥമ പരിഗണന. കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനം, ചെറിയ പ്രായമുള്ള കുട്ടികള്‍ക്ക് വിദഗ്ദ്ധ പരിശീലനം, കായിക ക്ഷേമം എന്നീ മൂന്ന് വിഷയങ്ങളില്‍ ഒരുപോലെ ഊന്നല്‍ നല്‍കിയുള്ള വികസന പരിപാടികളാണ് സര്‍ക്കാര്‍ നാല് വര്‍ഷം നടപ്പിലാക്കിയത്. കായിക അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പ് നടത്താന്‍ കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ സ്വപ്‌നം കാണാന്‍ കഴിയാത്ത വന്‍ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങള്‍ക്കും 43 പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ക്കും 1,000 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളില്‍ 26 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തെറ്റിക് ട്രാക്കുകള്‍, 33 സ്വിമ്മിംഗ് പൂളുകള്‍, 33 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയാകും. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.