Economy Industry KERALA PRD News

കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി: കരാര്‍ ഒപ്പുവച്ചു

img

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയില്‍ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിര്‍ദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളാണ് ഒപ്പുവച്ചത്. കൊച്ചി – ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്.

നിക്ഡിറ്റ് (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. സഞ്ജയ് മൂര്‍ത്തിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അല്‍കേഷ് കുമാര്‍ ശര്‍മ്മയും, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. പദ്ധതികളുടെ വിശദമായ ആസൂത്രണം, രൂപകല്പന, നടപ്പാക്കല്‍, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്കായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി രൂപീകരിക്കുന്ന ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സിയുടെയും പ്രതിനിധികള്‍ ഉണ്ടാകും.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി ചരിത്രപരമായ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉല്പാദന മേഖല, കാര്‍ഷിക സംസ്‌കരണ സേവനങ്ങള്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍ എന്നിവയിലെ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും ഇത് സഹായിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ഇടനാഴിയിലെ കൊച്ചി – പാലക്കാട് മേഖലയാണ് സംയോജനത്തിന്റെ ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. പാലക്കാട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി 1,800 ഏക്കറില്‍ ഏകദേശം പതിനായിരം കോടി രൂപയുടെ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മ്മാണം ആരംഭിച്ച്് അഞ്ച്് വര്‍ഷത്തിനുള്ളില്‍ 22000 നേരിട്ടുള്ള തൊഴിലും 80000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം നിക്ഷേപത്തില്‍ മധ്യ – ചെറുകിട വ്യവസായങ്ങളുടെ വിഹിതം 3,000 കോടി രൂപയും സംസ്ഥാനത്തിന് അതിലൂടെയുള്ള നികുതി വരുമാനം പ്രതിവര്‍ഷം 585 കോടി രൂപയുമാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്‌സ്, ഐ.ടി., ബയോടെക്‌നോളജി, ലൈഫ് സയന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഉല്പാദന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടനാഴിയില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍ക്ക് ഭൂമിയുടെ ലഭ്യതയും സൃഷ്ടിക്കുന്ന ജോലികളില്‍ ഉയര്‍ന്ന മൂല്യവര്‍ധനവും ഉറപ്പാക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് ജില്ലകളെ രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഈ മേഖലയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മംഗലാപുരം – ബംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍, തിരുവനന്തപുരം – കണ്ണൂര്‍ സെമി ഹൈസ്പീഡ് റെയില്‍, കൊച്ചി മെട്രോ, കൊച്ചി തേനി ദേശീയപാത തുടങ്ങിയ പദ്ധതികളുടെ പ്രാദേശിക വളര്‍ച്ചയ്ക്കും സമഗ്ര വികസനത്തിനും പദ്ധതി വഴിതെളിക്കും.

പദ്ധതിക്ക് കീഴില്‍ കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി പദ്ധതിയാണ് പ്രാരംഭ പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുള്ളത്. ആലുവ താലൂക്കിലെ അയ്യമ്പുഴ ഗ്രാമത്തില്‍ 220 ഹെക്ടര്‍ സ്ഥലത്ത് വികസിപ്പിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദവും മലിനീകരണ രഹിത സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി വിജ്ഞാനാധിഷ്ഠിത, ധനകാര്യം, ബാങ്കിംഗ്, ഹൈടെക് സേവനങ്ങള്‍ എന്നിവയുടെ വികസനത്തിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

%d bloggers like this: