പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി

കൊച്ചി: പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. കൊച്ചി കെ.സി.ബി.സി ആസ്ഥാനത്തേക്ക്​ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി. വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാപ്പ് പറയണമെന്ന്​ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ക്രൈസ്​തവ സമൂഹം ഒന്നടങ്കം ബിഷപ്പിന്‍റെ പ്രസ്​താവനയോട്​ വിയോജിക്കുന്നുണ്ടെന്നും സമൂഹ മനസ്സാക്ഷി മനസ്സിലാക്കി പാലാ ബിഷപ്പ്​ തിരുത്തണമെന്നും ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്സ് ജെ. പുല്ലൂടന്‍ പറഞ്ഞു.

‘ചില മെത്രാന്മാരുടെ താത്പര്യ പ്രകാരം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ പാലാ ബിഷപ്പ് ശ്രമിക്കുകയാണ്. ആ ശ്രമം തിരുത്തപ്പെടണമെന്ന് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നു. സ്വന്തം രൂപതയില്‍ പോലും ബിഷപ്പിനോട് വിയോജിപ്പുണ്ട്. എത്രയും പെട്ടെന്ന് ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിച്ച്‌ സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കില്‍ മെത്രാന്മാരെ വഴിയില്‍ തടയുന്ന കാലം വിദൂരമല്ല”- അദ്ദേഹം പറഞ്ഞു.