കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോര്‍പ്പറേഷന്‍. കുടുംബശ്രീയുടെ അക്കൗണ്ടില്‍നിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താല്‍ 14.5 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്.
കുടുംബശ്രീയുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടില്‍നിന്നാണ് 10 കോടി നഷ്ടമായത്. ഖലമാലിന്യസംസ്‌കരണം, എം.പി.-എം.എല്‍.എ. ഫണ്ട്, അമൃത് ഓഫീസ് മോഡണൈസേഷന്‍ ഹെഡ് അക്കൗണ്ട് എന്നിവയില്‍നിന്നാണ് 1.89 കോടി നഷ്ടമായത്. സപ്ലിമെന്ററി ന്യൂട്രീഷന്‍ ഫണ്ട്, ഇ-പേമെന്റ് അക്കൗണ്ട് എന്നിവയില്‍നിന്നാണ് നേരത്തേ 2.53 കോടി നഷ്ടമായതായി കഴിഞ്ഞദിവസം കോര്‍പ്പറേഷന്‍ അറിയിച്ചത്.
പി.എന്‍.ബി. ലിങ്ക് റോഡ് ശാഖയില്‍ കോര്‍പ്പറേഷന് ആകെ 13 അക്കൗണ്ടുകളാണുള്ളത്. ഇത് ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബശ്രീയുടെ അക്കൗണ്ടുള്‍പ്പെടെയുള്ളവയുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവരുമെന്നാണ് കരുതുന്നത്.
